കുഞ്ഞിനെ തിരികെ കിട്ടിയ അമ്മയുടെ സന്തോഷം. photo; mathrubhumi news/screen grab
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ രഞ്ജന്‍. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടന്‍ അതിവേഗത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗര്‍ പോലീസിന് നന്ദി അറിയിക്കുന്നതായും ഡിഎംഒ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ആശുപത്രിയില്‍ നിന്ന് ഇത്രയും ആളുകള്‍ക്ക് ഇടയിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകര്‍ച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. സ്ത്രീ നഴ്‌സിന്റെ കോട്ടിട്ടതിനാല്‍ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല. അല്‍പം നേരം കഴിഞ്ഞാണ് ഇവര്‍ സംഭവം നഴ്‌സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. അല്‍പസമയത്തിനകം തന്നെ ആശുപത്രിക്ക് സമീപത്തുനിന്ന് കുട്ടിയെ പോലീസ് കണ്ടെത്തിയെന്നും ഡിഎംഒ വിശദീകരിച്ചു.
നേരത്തെ ഡെന്റിസ്റ്റാണെന്ന് ചമഞ്ഞ് ഡെന്റല്‍ കോളേജില്‍ വേഷപകര്‍ച്ച നടത്തിയെത്തിയിരുന്ന സ്ത്രീയാണ് ഈ സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നു. ആ സ്ത്രീ തന്നെയാണ് പ്രതിയെങ്കില്‍ അവര്‍ക്ക് മാനസികമായി വല്ല പ്രശ്‌നങ്ങളുണ്ടായേക്കാമെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.
content highlights: kottayam DMO statement in medical college child missing case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..