കോട്ടയം:  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ പി.ജെ ജോസഫ്. കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിനെതിരെയാണ് പി.ജെ. ജോസഫിന്റെ പ്രതികരണം. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീതിയുക്തമല്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. 

മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയാണ് ജോസ്.കെ. മാണി പക്ഷം പ്രസിഡന്റ് പദവി നേടിയെടുത്തത്. ശരിയല്ലെന്ന്‌ ബോധ്യമുള്ള കാര്യം അംഗീകരിച്ചത് യു.ഡി.എഫിന്റെ ഐക്യം ഉറപ്പുവരുത്താന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ്.കെ. മാണി പക്ഷത്തിന് പദവി നല്‍കിയ യുഡിഎഫ് തീരുമാനം തെറ്റാണെന്നും ആരാണ് ശക്തരെന്ന് ഏതാനും ദിവസങ്ങള്‍ക്കകം തെളിയിക്കുമെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗക്കാരനായി  സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയാണ് തിരഞ്ഞെടുത്തത്.  22 അംഗ സമിതിയില്‍ 14 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. ഏഴ് പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഒരംഗം മാത്രമുള്ള ജനപക്ഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി-ജോാസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാനാണ് യുഡിഎഫില്‍ ധാരണയായത്. ഇതനുസരിച്ച് 14 മാസം കാലാവധി ബാക്കിയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി വിഭാഗവും പിന്നീടുള്ള ആറ് മാസം പി.ജെ.ജോസഫ് വിഭാഗവും പ്രസിഡന്റ് സ്ഥാനം വഹിക്കുമെന്നാണ് ധാരണ. ഇതനുസരിച്ചാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റായത്. 

നേരത്തെയുള്ള ധാരണ പ്രകാരം ഭരണത്തിന്റെ അവസാനവര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനു നല്‍കാന്‍ കോണ്‍ഗ്രസ് പ്രതിനിധി രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Content Highlights: Kottayam District Panchayath President Election, P J Joseph slams Congress