അമ്പിളിയോട് അപകടരംഗം വിവരിക്കുന്ന എം.കൃഷ്ണൻ
കോട്ടയം : “ബസ് വരുന്നത് ഞാൻ കണ്ടില്ലാരുന്നു. വണ്ടി വന്നുനിന്നതും അടിയിലേക്കു പോയതും പെെട്ടന്നായിരുന്നു. ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം വേറേ ഉണ്ടായിട്ടില്ല. ഇളങ്കാവിൽ അമ്മയുടെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്”- അമ്പിളിയുടെ വാക്കുകൾ. “അമ്മാ നിങ്ങൾ പോറൽ പോലുമേൽക്കാതെ രക്ഷപ്പെടണേ എന്ന പ്രാർഥനയായിരുന്നു എന്റെ മനസ്സിൽ.”-എം.കൃഷ്ണൻ ഇത് പറയവേ അമ്പിളിയുടെ കണ്ണ് നനഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ചിങ്ങവനം പുത്തൻപാലത്ത് കെ.എസ്.ആർ.ടി.സി. ബസിനടിയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അമ്പിളിയും രക്ഷകനായ തട്ടുകടക്കാരൻ കൃഷ്ണനും ബുധനാഴ്ച നേരിൽ കണ്ട നിമിഷം ഹൃദയസ്പർശിയായി.
.jpg?$p=2922c1a&&q=0.8)
തിങ്കളാഴ്ച വൈകുന്നേരമാണ് റോഡ് മുറിച്ച് കടക്കുമ്പോൾ സചിവോത്തമപുരം കേശവീയം വീട്ടിൽ അമ്പിളി ബസ് തട്ടി വീണത്. ചക്രത്തിനടിയിൽ പെട്ടുപോയ മുടി മുറിച്ച് നീക്കിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നെറ്റിയിലെ മുറിവും വീണതിന്റെ പരിക്കും അലട്ടുമ്പോഴും തന്റെ ജീവൻ രക്ഷിച്ചവരെ കണ്ട് നല്ല വാക്ക് പറയാനാണ് അമ്പിളി ജങ്ഷനിൽ എത്തിയത്.
വണ്ടിയുടെ മുൻവശത്തെ ഇടതുചക്രമാണ് വന്നു നിന്നതെന്ന് കൃഷ്ണൻ. ഇളംങ്കാവ് മലകുന്നം സ്കൂൾ ബസിലെ ആയയാണ് അമ്പിളി. വൈകീട്ട് സ്കൂൾ വണ്ടിയിൽ നിന്നിറങ്ങിയ കുട്ടികളെ റോഡിന് മറുവശത്ത് എത്തിച്ചശേഷം തിരിച്ചുവരുമ്പോഴാണ് അപകടം.
“റോഡ് മുറിച്ചു കടക്കും മുമ്പ് നോക്കിയപ്പോൾ ദൂരെ നിന്ന് ഒരുവണ്ടി വരുന്നത് മാത്രമേ കണ്ടിരുന്നുള്ളു. കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസ് ആ വണ്ടിയെ മറികടന്ന് വന്നത് ശ്രദ്ധിക്കാനായില്ല. ബസ് ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്ത് ടയർ ഇവരുടെ തലയുടെ ഭാഗത്ത് തട്ടാതെ വളരെ ശ്രദ്ധയോടെ വെട്ടിച്ച് നിർത്തിയതാണ് നിർണായകമായത്.
“ബസിന്റെ എൻജിന്റെ ചൂട് കാരണം ആരും അടിയിലേക്ക് കയറിയില്ല. എങ്ങനെയും അവരുടെ ജീവൻ രക്ഷിക്കണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ ഒന്നും നോക്കിയില്ല അടിയിൽ കയറി മുടി മുറിച്ച് ആളിനെ വെളിയിലെത്തിച്ചു”- കൃഷ്ണൻ ആ നിമിഷം ഒാർത്തെടുത്തു.
തമിഴ്നാട് സ്വദേശിയായ കൃഷ്ണൻ 32 കൊല്ലമായി കേരളത്തിൽ തട്ടുകട നടത്തുകയാണ്. പുത്തൻപാലത്ത് അദ്ദേഹത്തിന്റെ കടയ്ക്ക് തൊട്ടു മുൻപിലാണ് അപകടമുണ്ടായത്.
മുടി കുടുങ്ങി ഇരിക്കുകയാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ ആദ്യം കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ച് മുടി മുറിക്കാൻ നോക്കി. എന്നാൽ, ശ്രമം വിജയിച്ചില്ല. തുടർന്ന് അടുത്തുള്ള കടയിൽനിന്ന് കത്തി വാങ്ങിക്കൊണ്ടുവന്നാണ് മുടി മുറിച്ചത്.
അപകടത്തിന്റെ ദൃക്‌സാക്ഷിയായ മനു പാറയിൽ പകർത്തിയ ചിത്രമാണ് മാധ്യമങ്ങളിൽ കൂടി പുറത്തു വന്നത്. കോട്ടയത്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ മാനേജരായ മനു ജോലിസംബന്ധമായ ആവശ്യത്തിന് ചങ്ങനാശ്ശേരി പോകുന്ന വഴിയാണ് അപകടം കാണുന്നത്. യുവതിയെ പുറത്തെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതുവരെ രക്ഷാപ്രവർത്തനത്തിൽ സഹായിച്ചുകൊണ്ട് മനുവും സ്ഥലത്തുണ്ടായിരുന്നു.
ഡ്രൈവറുടെ മനസ്സാന്നിധ്യം
ഒരുജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവർ അജീഷ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ മനസ്സാന്നിധ്യം തന്നെയാണ് അപകടം കണ്ടുനിന്നവരും പ്രകീർത്തിച്ചത്. യുവതി മുന്നോട്ട് നീങ്ങുന്നത് കണ്ട് അജീഷ് വണ്ടി ഇടത്തേക്ക് തിരിച്ചാണ് നിർത്തിയത്. അതിനാലാണ് അമ്പിളി ചക്രത്തിനടിയിൽ കയറാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തൊടുപുഴ സ്വദേശിയായ അജീഷ് കോതമംഗലം ഡിപ്പോയിലെ ഡ്രൈവറാണ്.
Content Highlights: kottayam bus accident incident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..