കോട്ടയം: ബ്രഹ്മമംഗലത്ത് അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ നാല് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബ്രഹ്മമംഗലത്തിന് അടുത്തുള്ള ചെമ്പോലപ്പള്ളില്‍ പാടശേഖരത്താണ് അബോധാവസ്ഥയില്‍ കുട്ടികളെ കണ്ടെത്തിയത്.

പത്തിനും പന്ത്രണ്ടിനുമിടെ പ്രായമുള്ളവരാണ് ഇവര്‍. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ വൈക്കത്തെ ആശുപത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള രണ്ടുപേര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനിടെ രഹസ്യമായി മദ്യപിച്ച കുട്ടികളാണ് അബോധാവസ്ഥയിലായതെന്ന് കരുതുന്നു. മദ്യപിച്ചശേഷം  കൊടുംവെയിലേറ്റതോടെ വിദ്യാര്‍ഥികള്‍ അവശനിലയിലായി.

വിവരമറിഞ്ഞ് ഡി.വൈ.എസ്.പി പി.കെ സുഭാഷ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. അഞ്ചുപേര്‍ ചേര്‍ന്നാണ് മദ്യപിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് മദ്യം എവിടെനിന്ന് കിട്ടി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.