കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ ആക്രമിക്കപ്പെട്ട് ചികിത്സയിലായിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ലയയെ(ഷഹല്‍) വീട്ടില്‍ കൊണ്ടാക്കാന്‍ പോകും വഴി കൂടെ പോയ വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. നേരത്തെ കോട്ടയ്ക്കലില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറിനെ ആക്രമിച്ച കേസിലെ പ്രതി ഇമ്മച്ചി ഷിഹാബ് ആണ് വീണ്ടും ഇവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. 

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊജക്ട് കൗണ്‍സിലര്‍ മേരി നീതു, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍, വനിത സെല്ലിന്റെ ജനറല്‍ സെക്രട്ടറി റുബീന എന്നിവരെയാണ് പരസ്യമായി ഷിഹാബ് കയ്യേറ്റം ചെയ്തത്. 

വ്യാഴാഴ്ച കോട്ടയ്ക്കലില്‍ ആക്രമിക്കപ്പെട്ട് ചികിത്സയിലായിരുന്ന ലയയെ അന്ന് വൈകീട്ട് ഡിസ്ചാര്‍ജ് ചെയ്ത് ലയയുടെ കുഴിപ്പുറം ഉള്ള വീട്ടില്‍ കൊണ്ടു ചെന്നാക്കാന്‍ പോവുകയായിരുന്നു ഇവര്‍. 

വഴിയില്‍ ചായകുടിയ്ക്കാനായി കേറിയ കടയിലേക്ക് ഷിഹാബ് കടന്നുവരികയും ട്രാന്‍സ് ജെന്‍ഡര്‍ ലയയെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ഇവിടെ നിന്നും ജീവനോടെ പോകില്ലെന്ന ഭീഷണി മുഴക്കുകയും ചെയ്തു

Transgender Laya Mary neethu
ആസ്പത്രയില്‍ പ്രവേശിപ്പിച്ച മേരി നീതു

ഇത് ചോദ്യം ചെയ്ത മേരിയെയും, റുബീനയേയും ഷിഹാബ് വെറുതെ വിട്ടില്ല. നിങ്ങള്‍ വേശ്യകളാണ് ഇവരെ പിന്തുണയ്ക്കുന്നതെന്നും. നിങ്ങളുടെ ശരീരത്തില്‍ കയറി മേഞ്ഞാല്‍ ആരും ചോദിക്കാന്‍ വരില്ലെന്നും ഷിഹാബ് ഭീഷണി മുഴക്കി. 

പോലീസിനെ വിളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരുടേയും കഴുത്തില്‍ പിടിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കി തള്ളിയിട്ടത്. തുടര്‍ന്ന് കടയുടെ ഷട്ടര്‍ അടച്ചിട്ടും ഷിഹാബ് പീഡനം തുടര്‍ന്നു. ഇതിനിടെ കുഴഞ്ഞുവീണ മേരി നീതുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സംഭവത്തെ കുറിച്ച് പോലീസിന് പരാതി നല്‍കിയതു കൂടാതെ മുഖ്യമന്ത്രിയിക്കും വനിതാ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. 

വ്യാഴാഴ്ച ഷിഹാബിന്റെ ആക്രമണത്തില്‍ ലയയ്ക്ക കാര്യമായ പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ കീറിപ്പോയ വസ്ത്രത്തിന് പകരം പോലീസാണ് ലയയ്ക് വസ്ത്രം വാങ്ങി നല്‍കിയത്. ഈ കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു