കൂട്ടിക്കൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഷഹീർ സി.എച്ച് മാതൃഭൂമി
കാഞ്ഞിരപ്പള്ളി: ''ഏഴും മൂന്നും വയസ്സുള്ള കുട്ടികളെയുമായി ഞങ്ങളെങ്ങോട്ട് പോകും.'' കൂട്ടിക്കല്‍ ചപ്പാത്ത് ഭാഗത്ത് ആറ്റുതീരത്ത് താമസിച്ചിരുന്ന പൂവത്തിനാകുഴിയില്‍ രേണു ചോദിക്കുന്നു. പ്രളയം ഇവരുടെ വീടെടുത്തു. ഉടനെങ്ങും ഇത് നന്നാക്കാന്‍ പറ്റില്ല. വാടകയ്ക് വീട് അന്വേഷിച്ചിട്ട് കിട്ടാനില്ല. എന്ത് ചെയ്യുമെന്നറിയാതെ ക്യാമ്പില്‍ തുടരുകയാണ് ഇവര്‍.
രേണുവിനെപ്പോലെ നൂറുകണക്കിനാളുകള്‍ കൂട്ടിക്കല്‍ മേഖലയില്‍ വാടകവീട് തേടി നെട്ടോട്ടത്തിലാണിപ്പോള്‍. പ്രളയം തകര്‍ത്ത വീടുകളിലേക്ക് ഇപ്പോള്‍ മടങ്ങി പോക്കില്ല. നന്നാക്കി താമസിക്കാമോ എന്ന് ഉറപ്പില്ല. ക്യാമ്പ് ഒഴിയുമ്പോള്‍ എങ്ങോട്ട് പോകും. ചെറിയൊരു പട്ടണമായ ഇവിടെ വാടകയ്ക്ക് കിട്ടാന്‍ അധികം വീടൊന്നുമില്ല.
ചിലര്‍ വായ്പ വാങ്ങി മറ്റ് സ്ഥലങ്ങളില്‍ പോയി വാടകവീട് ഉറപ്പിച്ചു. കുട്ടികളുടെ പഠനം, സ്വകാര്യത എന്നിവയെല്ലാം ഉറപ്പാക്കാന്‍ എത്രയും വേഗം വാടകയ്ക്കെങ്കിലും ഒരു കൂരക്കുള്ളിലാകണം. ക്യാമ്പില്‍ കഴിയുന്നവരുെട ആഗ്രഹങ്ങള്‍ സഫലമാകാന്‍ അത്ര എളുപ്പമല്ല. പുല്ലകയാറിലേക്ക് മറിഞ്ഞുപോയ വീടിന്റെ ഉടമ കൊല്ലംപറമ്പില്‍ ജെബിക്ക് വാടകയ്ക്ക് വീടെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പറ്റിയ സാമ്പത്തികനിലയല്ല. ഇപ്പോള്‍ സഹോദരനൊപ്പമാണ് താമസം. വീട് വാടകയ്ക്ക് കിട്ടിയാലും പ്രതിസന്ധികള്‍ ബാക്കിയാണ്. ഉപകരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും പുതുതായി വാങ്ങണം. ഇട്ടിരുന്ന വസ്ത്രവുമായി പെരുമഴയത്ത് ഇറങ്ങിപ്പോന്നവര്‍ക്ക് കൈവശം മറ്റൊന്നുമില്ല.
കാഞ്ഞിരപ്പള്ളി താലൂക്കിലെ 11 വില്ലേജുകളില്‍നിന്നായി 929 കുടുംബങ്ങള്‍ ക്യാമ്പുകളിലാണ്. ഇതുവരെയുള്ള സര്‍ക്കാര്‍ കണക്കുകളില്‍ 191 വീടുകള്‍ പൂര്‍ണമായും 366 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 672 വീടുകളില്‍ വെള്ളംകയറി. 600 കുടുംബങ്ങളാണ് വീടില്ലാത്തതിനാല്‍ എങ്ങോട്ട് പോകണമെന്നറിയാതെ വലയുന്നത്. കൂട്ടിക്കല്‍, മുണ്ടക്കയം, ഇടക്കുന്നം, കൂവപ്പള്ളി, എരുമേലി വടക്ക് വില്ലേജുകളിലാണ് വീടുകള്‍ക്ക് നാശമേറെയും. മഴ കുറഞ്ഞതോെട ചിലര്‍ ബന്ധുവീടുകളിലേക്ക് പോയി. താമസിയാതെ അവര്‍ക്കുമൊരു വീട് കിട്ടണം. വീടും സ്ഥലവും ഒന്നിച്ച് ഒലിച്ചുപോയവരുടെ കാര്യം ഏറെ കഷ്ടം. സര്‍ക്കാര്‍ വീട് നല്‍കിയാലും എവിടെ വെക്കുമെന്നതില്‍ ആശങ്കബാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..