മാർട്ടിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കാവാലി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്കായി എത്തിച്ചപ്പോൾ ഫോട്ടോ:ജി.ശിവപ്രസാദ്
മുണ്ടക്കയം: ആ കാഴ്ച ഹൃദയഭേദകമായിരുന്നു. കാവാലി സെന്റ് മേരീസ് പള്ളിയുടെ നടുത്തളത്തില്‍ അലങ്കരിച്ച പെട്ടികളില്‍ അന്ത്യയാത്രയ്ക്കൊരുങ്ങി ആറ് മൃതദേഹങ്ങള്‍. ഉരുള്‍ കവര്‍ന്നെടുത്ത കാവാലി മാര്ട്ടിന്, അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്നേഹ, സോന, സാന്ദ്ര.
ഉണ്ടുറങ്ങിയ വീട് പോലും ഉരുള്‍ തകര്‍ത്തെറിഞ്ഞു. അന്ത്യയാത്രയ്ക്കായി എത്തിക്കാന്‍ വീട് പോലും ബാക്കിയുണ്ടായില്ല. അതിനാല്‍ മൃതദേഹങ്ങള്‍ നേരെ പള്ളിയിലേക്കാണ് ആദ്യം എത്തിച്ചത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകള്‍. വിടനല്കാന് കാത്തുനിന്ന ബന്ധുക്കള്‍ വിങ്ങിപ്പൊട്ടി. പാലക്കാടുള്ള ബന്ധുക്കള്‍ എത്തിയ ശേഷമാണ് സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.
ആറുപേരെയും യാത്രയാക്കാന്‍ നാട്ടുകാര്‍ കാവാലി പള്ളിയിലേക്ക് എത്തി. പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കല്ലറയില്‍ അടക്കം ചെയ്തു. ഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കലഹിച്ചും പ്രണയിച്ചുമൊക്കെ ജീവിച്ച ആ ആറുപേരും ഇനിയും ഒന്നിച്ചുറങ്ങും. ആറുപേരുടെയും മൃതദേഹങ്ങള്‍ രണ്ട് കല്ലറകളിലായാണ് അടക്കിയത്.
കാവാലി സെന്റ് മേരീസ് പള്ളിയും വിശ്വാസികളും ഇത്ര ഹൃദയവേദനയോടെ ഒരു സംസ്കാര ചടങ്ങിനും ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ല.
ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനും കുടുംബവും അപകടത്തില്‍പെടുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാലം തെറ്റി കലിതുള്ളി പെയ്ത മഴയും അതേതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ഒലിച്ചുപോയത് ഒരു കുടുംബം ഒന്നാകെയാണ്. മാര്‍ട്ടിന്റെ മൂന്നുമക്കളും തമ്മില്‍ രണ്ട് വയസിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. അതിനാല്‍ തന്നെ മൂവരും തമ്മില്‍ നല്ല കൂട്ടായിരുന്നു. ഊണും ഉറക്കവും കളിയുമെല്ലാം ഒരുമിച്ച്. മരണത്തിലും ഇവരെ വേര്‍പിരിക്കാനായില്ല എന്നത് ബന്ധുക്കള്‍ക്കും നാടിനും മരണത്തോളം വേദനയായി.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം സംസ്കാര ശുശ്രൂഷകള്‍ക്കായി നേരെ ദേവാലയത്തിലേക്ക് എത്തിക്കുകയായിരുന്നു. വീട്ടിലെ സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് എടുക്കാറുള്ളത്. ഉരുള്‍പൊട്ടലില്‍ വീടൊന്നാകെ ഒലിച്ചുപോയതിനാല്‍ അവസാന യാത്രയ്ക്കായി മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിക്കാനുമായില്ല.
Content Highlight: Koottickal landslide: Funeral of family of 6 killed in Koottickal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..