താമരശ്ശേരി: കൂടത്തായി കൊലപാതകപരമ്പരയില്‍ പോലീസിന്റെ വാദങ്ങള്‍ക്ക് കരുത്തേകി രാസപരിശോധനാഫലം. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയില്‍ സോഡിയം സയനൈഡിന്റെ അംശമുണ്ടായിരുന്നുവെന്നതിന്റെ അന്തിമ ഫലം അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു.
കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. ഇതിന്റെ ആദ്യ റിപ്പോര്‍ട്ട് നേരത്തെ പോലീസിന് ലഭിച്ചിരുന്നു. രണ്ടാമത് നല്‍കിയ സാമ്പിളിന്റെ ഫലമാണ് ഇന്ന് താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സിലി കേസില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ കിട്ടിയത്.
കൂടത്തായി കൊലക്കേസുകളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നുളളൂ. മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉളളതും ഈ കേസിലാണ്. മറ്റ് അഞ്ചുപേരുടെ മരണങ്ങളും സയനൈഡ് ഉളളില്‍ ചെന്നാണെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയില്‍, സിലി, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതും അവശിഷ്ടങ്ങള്‍ ശേഖരിച്ചതും.
കൂടത്തായി കൊലപാതകപരമ്പരയില്‍ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയില്‍. സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനുണ്ടായിരുന്നു. മരണകാരണം വ്യക്തമാക്കുന്ന ശാസ്ത്രീയപരിശോധനാഫലം മാത്രമാണ് സിലി കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇല്ലാതിരുന്നത്. ഇതുകൂടി കിട്ടിയതോടെ ഏറ്റവും ശക്തമായ കേസായി ഇത് മാറിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ആല്‍ഫൈന്‍, അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളുടെ രാസ പരിശോധനാഫലമാണ് ഇനി പുറത്തുവരാനുളളത്.
താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വെച്ച് മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് ജോളി സിലിക്ക് നല്‍കിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ സയനൈഡ് കലര്‍ത്തിയ വെള്ളവും കുടിക്കാന്‍ നല്‍കി മരണം ഉറപ്പിക്കുകയായിരുന്നു.
സിലിയുടെ കേസില്‍ ജോളി നല്‍കിയ ജാമ്യാപേക്ഷയില്‍ വരുന്ന 22-ന് വാദം കേള്‍ക്കാനിരിക്കെയാണ് ശക്തമായ തെളിവായ രാസപരിശോധനാ ഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് നല്‍കയിട്ടുള്ളത്.
Content Highlights: Koodathai Murder Case: The final chemical test results were submitted
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..