കോഴിക്കോട്: കൂടത്തായിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മഞ്ചാടിയില്‍ മാത്യുവിനൊപ്പം മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി തള്ളി മാത്യുവിന്റെ ഭാര്യ അന്നമ്മ. മാത്യുവും ജോളിയും ഒരിക്കലും ഒരുമിച്ച് മദ്യപിച്ചിട്ടില്ലെന്നും മാത്യുവിന് കൂട്ടുകൂടി മദ്യപിക്കുന്ന ശീലമില്ലെന്നും അന്നമ്മ മാത്യൂഭൂമി ന്യൂസിനോട് പറഞ്ഞു. 

മാത്യു വല്ലപ്പോഴുമേ മദ്യപിക്കാറുള്ളൂ. ഒരിക്കലും കൂട്ടുകൂടി മദ്യപിക്കുന്ന ശീലമുള്ളയാളല്ല. അങ്ങനെ ഒരാള്‍ ജോളിയോടൊപ്പം ഒരിക്കലും മദ്യപിക്കുകയുമില്ല. ജോളിയുമായി മാത്യുവിന് സാമ്പത്തിക ഇടപാടുകളില്ലെന്നും അന്നമ്മ പറഞ്ഞു.  

ജോളി വീട്ടിലെ നിത്യസന്ദര്‍ശകയല്ലെങ്കിലും ഇടയ്ക്ക് വരാറുണ്ട്. മാത്യുവും ജോളിയും തമ്മില്‍ വാക്കുതര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. റോയി തോമസിന്റെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് മുന്‍കൈ എടുത്തത് മാത്യുവായിരുന്നു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മാത്യുവിന്റെ മരണത്തിലും സംശയമില്ലായിരുന്നു.മരണകാരണം ഹൃദയാഘാതമാണെന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്- അന്നമ്മ പറഞ്ഞു. 

ഭര്‍ത്താവ് മരിച്ച ദിവസം താന്‍ കാഞ്ഞിരപ്പള്ളിയിലായിരുന്നുവെന്നും അന്ന് മരണത്തില്‍ സംശയങ്ങള്‍ തോന്നിയില്ലെന്നും അന്നമ്മ വ്യക്തമാക്കി. 

Content Highlights: koodathai murder case; mathew's wife annamma against jolly's statement