താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയെ തിങ്കളാഴ്ച രാത്രി വൈകി വീണ്ടും പൊന്നാമറ്റം വീട്ടിലെത്തിച്ചു തെളിവെടുത്തു. വീടിന്റെ അടുക്കളയില്‍നിന്ന് സംശയകരമായ വസ്തുവടങ്ങിയ കുപ്പി കണ്ടെത്തി.
തിങ്കളാഴ്ച പകല്‍നടന്ന ചോദ്യംചെയ്യലില്‍ ജോളിനടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രാത്രിതന്നെ തെളിവെടുപ്പ് നടത്തിയത്. ഡി.ജി.പി. നിയോഗിച്ച സാങ്കേതികവിദഗ്ധരുടെ സംഘ(ഐ.സി.ടി.)ത്തിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് പരിശോധന നടന്ന് മിനിറ്റുകള്‍ക്കു ശേഷമാണ് വടകരയില്‍നിന്ന് ജോളിയെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഹരിദാസന്റെ നേതൃത്വത്തില്‍ പൊന്നാമറ്റം വീട്ടിലെത്തിച്ച് രാത്രി പത്തുമണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്. ഇത് അര്‍ധരാത്രി 12.15 വരെ നീണ്ടു.
ജോളിയെയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ അച്ഛന് സക്കറിയാസിനെയും ഒന്നിച്ചിരുത്തി തിങ്കളാഴ്ച പകല്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെയും ഫൊറന്‍സിക് വിദഗ്ധരുടെയും സംഘം പതിനൊന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യംചെയ്തിരുന്നു. കോഴിക്കോട് റൂറല്‍ എസ്.പി. കെ.ജി. സൈമണിന്റെ അധ്യക്ഷതയില്‍ വടകര എസ്.പി. ഓഫീസില്‍ നടന്ന അവലോകന യോഗത്തിനു ശേഷം വൈകിട്ട് 5.57-നാണ് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പൊന്നാമറ്റത്ത് എത്തിയത്. ഫൊറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ ഡോ. ലതാദേവി, ജോയന്റ് ഡയറക്ടര്‍മാരായ പി. ഷാജി, എ. ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. പി. സച്ചിദാനന്ദന്, ടി. അജീഷ്, വി.ബി. സുനിത, ടെസ്റ്റ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പൊന്നാമറ്റം വീടിന്റെ ഇരുനില വീടിന്റെ എല്ലാ മുറികളും പരിശോധിച്ച സംഘം രാത്രി എട്ടു മണിക്കാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഇതിനുശേഷമാണ് ജോളിയെ പൊന്നാമറ്റത്തെത്തിച്ചത്.
Content Highlights: Koodathai murder case Jolly Ponnamattom