കോഴിക്കോട്: കോഴിക്കോട് യുവതിയെ മദ്യവും മയക്കുമരുന്നും നല്‍കി നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ചേവരമ്പലത്തെ ഫ്‌ലാറ്റില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. 

കേസില്‍ കോഴിക്കോട് അത്തോളി സ്വദേശികളായ കോളിയോട്ടുതാഴം കവലയില്‍ മിത്തല്‍ വീട്ടില്‍ അജ്‌നാസ്.കെ.എ, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ ഫഹദ്, എന്‍.പി എന്നിവരെയാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ്റ് പോലീസ് കമ്മീഷണര്‍ കെ.സുദര്‍ശന്‍ അറസ്റ്റു ചെയ്തത്. രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. അജ്‌നാസിനെ ടിക് ടാക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അയാള്‍ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തി. ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്‌നാസും കൂട്ടുപ്രതി ഫഹദും ചേര്‍ന്ന് ഫഹദിന്റെ കാറില്‍ ഫ്‌ളാറ്റിലെത്തിച്ചു. അജ്‌നാസ് യുവതിയെ ശാരീരികമായി പീഡിപ്പിച്ച ശേഷം അടുത്ത മുറിയില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ റൂമിലേക്ക് വിളിച്ച് വരുത്തി. ഇവര്‍ യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി ബലാല്‍സംഗം ചെയ്യുകയും ബലാല്‍സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. ഇതോടെ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നുകളഞ്ഞു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ്റ് കമ്മീഷണര്‍ കെ.സുദര്‍ശന്റ നേതൃത്ത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്‍, എസ്.ഐ സുനില്‍കുമാര്‍, എസ്.ഐ ഷാന്‍, എസ്.ഐ അഭിജിത്, ഡെന്‍സാഫ് അഗങ്ങളായ എ.എസ്.ഐ വാഫി, അഖിലേഷ്, ജോമോന്‍, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.

content highlights: kollam women gang raped at a flat in kozhikode