കൊല്ലം ശരത്ത്
കോട്ടയം: ഒരുബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ സദസ്സിലുള്ളവര്ക്കായി പാട്ടുകള്‍ പാടുകയായിരുന്നു ഗായകന് കൊല്ലം ശരത്. 'ആഴക്കടലിന്റെ അങ്ങേക്കരയിലായ്'-എന്ന പാട്ട് പാടണം. ശരത്തിന്റെ ചിറ്റപ്പന്റെ ആഗ്രഹമായിരുന്നു അത്.
'ആഴക്കടലിന്റെ അങ്ങേക്കരയിലായ്; നേരംവെളുക്കുന്ന മേട്ടില്‍...' ചാന്തുപൊട്ട് എന്ന ചിത്രത്തിലെ എസ്.ജാനകിയുടെ ഹിറ്റ്ഗാനം. സദസ്സിനുമുമ്പില്‍ പാടിത്തീര്‍ക്കാന്‍ ശരത്തിന് കഴിഞ്ഞില്ല. പാടിക്കൊണ്ടിരിക്കെ ശബ്ദമിടറി. പിന്നെ കുഴഞ്ഞുവീണു. ജീവിതത്തിന്റെ അങ്ങേക്കരയിലേക്ക് ശരത് യാത്രയായി.
ജാനകിയമ്മയുടെ പാട്ടുകള്‍ അതേ ശബ്ദത്തില്‍ അതേ സ്വരമാധുരിയോടെ ഒട്ടേറെ വേദികളില്‍ പാടി പ്രശസ്തനായ ശരത് ഇഷ്ടഗായികയുടെ വരികള്‍ പാടിക്കൊണ്ടിരിക്കെയാണ് മരണത്തിന്റെ മാറിലേക്ക് ഒട്ടിച്ചേര്‍ന്നത്.
ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കോട്ടയത്ത് അരീപ്പറമ്പില്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെയായിരുന്നു ആരാധകരെ കണ്ണീരിലാഴ്ത്തി ഗായകന്റെ ദാരുണാന്ത്യം. കുഴഞ്ഞുവീണ ശരത്തിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു.
എസ്.ജാനകിയുടെ പാട്ടുകള്‍ അതേ ശബ്ദം അനുകരിച്ച് പാടിയാണ് കൊല്ലം ശരത് എന്ന എ.ആര്.ശരത് ചന്ദ്രന് നായര്‍(52) ശ്രദ്ധേയനായത്. കൊല്ലം കുരീപ്പുഴ സ്വദേശിയായ ശരത് അവിവാഹിതനാണ്. തിരുവനന്തപുരം സരിഗയിലൂടെയാണ് പാട്ടിന്റെ ലോകത്തെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശിലുണ്ടായ ഒരു അപകടത്തില്‍ വലതുകൈ മുട്ടിന് മുകളില്‍ മുറിച്ചുമാറ്റിയിരുന്നു. ജാനകിയമ്മയെ നേരില്‍കണ്ട് സംസാരിക്കണമെന്ന ആഗ്രഹം ബാക്കിനില്‍ക്കെയാണ് ശരത്തിന്റെ വേര്‍പാട്. ഒരിക്കല്‍ ഇതിനായി ചെന്നൈയില്‍ എത്തിയിരുന്നെങ്കിലും കാണാനായില്ലെന്ന് ശരത്തിന്റെ സുഹൃത്ത് സജി പറഞ്ഞു.
Content Highlights: kollam sarath passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..