കൊല്ലം: അഞ്ചലില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസുകാരിയുടെ അമ്മയെ നാട്ടുക്കാര്‍ നാടുകടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. 

സംഭവത്തില്‍ വിശദ്ധമായി അന്വേഷണം നടത്തി അടിയന്തരമായി പരിഹാര നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. 

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയും കുടുംബാംഗങ്ങളും വീട് വിടാനുണ്ടായ സാഹചര്യം പോലീസിനോടും നാട്ടുകാരോടും ആരായാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഇവര്‍ക്ക് ആവശ്യമായി സുരക്ഷ ഉറപ്പാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. 

കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കാണാനും വീട്ടുവളപ്പില്‍ സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. തുടര്‍ന്ന് അച്ഛന്റെ വീട്ടിലാണ് സംസ്‌കാരം നടത്തിയത്. 

ദുര്‍നടത്തക്കാരാണ് എന്നാരോപിച്ചാണ് ഇവരെ നാടുക്കടത്തിയത്. ഇനി നാട്ടില്‍ കാലുകുത്തിയാല്‍ കൊന്നുകളയുമെന്നാണ് നാട്ടുകാരുടെ ഭീഷണിയെന്നും ആരോപണമുണ്ട്.