File Photo: Mathrubhumi
പുനലൂർ:4.57 ലക്ഷം രൂപ വാടകക്കുടിശ്ശികയുമായി നഗരസഭയുടെ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിച്ചുവന്ന സി.പി.എം.ലോക്കൽ കമ്മിറ്റി ഓഫീസ് റവന്യൂവിഭാഗം അധികൃതർ പൂട്ടി മുദ്രവെച്ചു. ചെമ്മന്തൂരിലെ സ്വകാര്യ ബസ്സ്റ്റാൻഡിലെ സമുച്ചയത്തിൽ പ്രവർത്തിച്ചുവന്ന ചെമ്മന്തൂർ ലോക്കൽ കമ്മിറ്റി ഓഫീസാണ് പൂട്ടിയത്. പ്രതിപക്ഷത്തെ യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇത്.
സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സ്ഥിരമായി ഭരിക്കുന്ന നഗരസഭയിലാണ് നടപടി. വ്യാഴാഴ്ച 11-ഓടെയാണ് സംഭവം. കുടിശ്ശികവരുത്തിയ വ്യാപാരസ്ഥാപനങ്ങൾ പൂട്ടാൻ റവന്യൂ ഇൻസ്പെക്ടർ സിന്ധുവിന്റെ നേതൃത്വത്തിലെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ പ്രതിപക്ഷനേതാവ് ജി.ജയപ്രകാശും യു.ഡി.എഫ്. കൗൺസിലർമാരും കോൺഗ്രസ് നേതാക്കളും ചേർന്ന് തടയുകയായിരുന്നു.
കുടിശ്ശികയുള്ള സി.പി.എം. ഓഫീസ് പൂട്ടാതെ മറ്റുള്ള കടകൾ പൂട്ടാൻ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഒടുവിൽ ഉദ്യോഗസ്ഥർ ലോക്കൽ കമ്മിറ്റി ഓഫീസ് പൂട്ടി മുദ്രവയ്ക്കുകയായിരുന്നു. നഗരസഭയുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വാടകക്കുടിശ്ശികയുള്ള കടമുറികൾ കഴിഞ്ഞ നവംബർമുതൽ പൂട്ടിവരികയാണ്. ഇതുവരെ 19 കടകൾ പൂട്ടി.
വ്യാഴാഴ്ച ചെമ്മന്തൂരിലെ കടകൾ പൂട്ടുമെന്നറിഞ്ഞാണ് യു.ഡി.എഫ്. കൗൺസിലർമാർ എത്തിയത്. എന്നാൽ വാടക അടയ്ക്കാനിരിക്കെയാണ് പാർട്ടി ഓഫീസ് നഗരസഭ പൂട്ടിയതെന്നും താമസിയാതെ വാടക അടയ്ക്കുമെന്നും സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയൻ ഉണ്ണിത്താൻ പറഞ്ഞു.
റവന്യൂ വരുമാനം പരമാവധി വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നഗരസഭ കടകൾ പൂട്ടിവരുന്നത്. വസ്തുനികുതിയിനത്തിൽ സർക്കാർ ഓഫീസുകളിൽനിന്നുള്ള കുടിശ്ശിക ഈടാക്കാൻ റവന്യൂ റിക്കവറി നടപടി ആരംഭിച്ചതിനു പിന്നാലെയാണിത്. 55 ലക്ഷം രൂപയാണ് കടമുറികളുടെ വാടകക്കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ളതെന്ന് നഗരസഭാധികൃതർ പറഞ്ഞു.
Content Highlights: kollam punaloor municipality chemmanthoor cpim local committee office rent debt sealed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..