അവിശ്വാസപ്രമേയം വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്ന ബി.ജെ.പി. അംഗങ്ങൾ | PHOTO: Mathrubhumi
കൊട്ടാരക്കര:നെടുവത്തൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് ആർ.സത്യഭാമയ്ക്കെതിരായി ബി.ജെ.പി. അവതരിപ്പിച്ച അവിശ്വാസപ്രമേയം വിജയിച്ചു. ബി.ജെ.പി.യുടെ ഏഴ് അംഗങ്ങൾക്കൊപ്പം മൂന്ന് കോൺഗ്രസ് അംഗങ്ങളും കേരള കോൺഗ്രസ് (ജേക്കബ്) അംഗവും അവിശ്വാസത്തെ പിന്തുണച്ചു.
കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിർദേശം അവഗണിച്ചാണ് ഇവർ അവിശ്വാസത്തിനൊപ്പംനിന്നത്. എൽ.ഡി.എഫിന്റെ നാല് അംഗങ്ങളും ചർച്ചയിൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. കോൺഗ്രസിന്റെ രണ്ട് അംഗങ്ങളും പ്രസിഡന്റ് ആർ.സത്യഭാമയും കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല.
15 അംഗങ്ങൾ പങ്കെടുത്തതിൽ പതിനൊന്നുപേരും അവിശ്വാസത്തിനെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ പ്രമേയം വിജയിച്ചതായി വരണാധികാരി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.ദിനിൽ പ്രഖ്യാപിച്ചു. കോൺഗ്രസിനെതിരായി മത്സരിച്ചുവിജയിച്ച സത്യഭാമയെ പിന്തുണയ്ക്കണമെന്ന പാർട്ടി നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും അഴിമതി ആരോപണം നേരിടുന്നയാളെ പിന്തുണയ്ക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും പ്രമേയത്തെ പിന്തുണച്ച യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു.
സത്യഭാമയ്ക്ക് രാജിവയ്ക്കാൻ അവസാനനിമിഷംവരെയും അവസരംനൽകിയെന്നും ബി.ജെ.പി.യുടെ അവിശ്വാസത്തെ പിന്തുണയ്ക്കേണ്ട ഗതികേടിൽ തങ്ങളെ എത്തിച്ചത് പാർട്ടി നേതൃത്വവും സത്യഭാമയുമാണെന്നും കോൺഗ്രസ് അംഗങ്ങളായ ജലജ സുരേഷ്, എ.സൂസമ്മ, വി.കെ.ജ്യോതി എന്നിവരും കേരള കോൺഗ്രസ് (ജേക്കബ്) അംഗം ആർ.രാജശേഖരൻ പിള്ളയും പറഞ്ഞു.
കോൺഗ്രസ് അംഗങ്ങളായ എൻ.ജയചന്ദ്രനും രമണി വർഗീസുമാണ് സത്യഭാമയ്ക്കൊപ്പം യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇവർ കഴിഞ്ഞദിവസം പാർട്ടി വിപ്പ് കൈപ്പറ്റിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെയും സത്യത്തിന്റെയും വിജയമാണ് അവിശ്വാസത്തിന്റെ വിജയമെന്ന് ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് കുമാർ പറഞ്ഞു. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ യു.ഡി.എഫ്. പിന്തുണയോടെ നറുക്കെടുപ്പിലാണ് സ്വതന്ത്രയായ സത്യഭാമ പ്രസിഡന്റായത്.
പുറത്തായെങ്കിലും സത്യഭാമയാണ് താരം
പ്രതിപക്ഷത്തിന്റെ അവിശ്വാസത്തിലൂടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ആർ.സത്യഭാമ പുറത്തായെങ്കിലും ഇനി ആര് പ്രസിഡന്റാകണമെന്നു തീരുമാനിക്കുന്നതും സത്യഭാമ തന്നെയാകും. ബി.ജെ.പി.യെ ഭരണത്തിൽനിന്നകറ്റാൻ ഇരുമുന്നണികൾക്കും സത്യഭാമ തുണച്ചേ പറ്റൂ. പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള ബി.ജെ.പി.യാണ് വലിയ ഒറ്റക്കക്ഷി. യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്.
യു.ഡി.എഫിൽ ആരെങ്കിലും പ്രസിഡന്റാകണമെങ്കിൽ സത്യഭാമയുടെ പിന്തുണയും വോട്ടെടുപ്പിൽ എൽ.ഡി.എഫി.ന്റെ വിട്ടുനിൽക്കലും നറുക്കെടുപ്പിൽ ഭാഗ്യവും വേണം. യു.ഡി.എഫ്. തുണയ്ക്കാതെ എൽ.ഡി.എഫിൽ ആരും പ്രസിഡന്റാകില്ല. പഞ്ചായത്ത് ഭരിക്കണമെന്ന ബി.ജെ.പി.യുടെ സ്വപ്നം പൂവിടണമെങ്കിലും സത്യഭാമയോ മറ്റാരെങ്കിലുമോ തുണയ്ക്കണം. കഴിഞ്ഞ പഞ്ചായത്ത് സമിതിയിലും സ്വതന്ത്രരായിരുന്നു പ്രസിഡന്റും വൈസ് പ്രസിഡന്റും.
അവിശ്വാസത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് വിപ്പ് നൽകിയിരുന്നു- ഡി.സി.സി. പ്രസിഡന്റ്
കൊല്ലം: നെടുവത്തൂർ പഞ്ചായത്തിൽ ബി.ജെ.പി. അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾക്ക് പാർട്ടി വിപ്പ് നൽകിയിരുന്നെന്ന് ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. ബി.ജെ.പി.യുമായി ഒരുതലത്തിലും കൂട്ടുകൂടാൻ പാടില്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നയത്തിൽ ഒരുമാറ്റവുമില്ല.
വിപ്പ് ലംഘിച്ച അംഗങ്ങൾക്കെതിരേ സംഘടനാപരമായും നിയമപരമായും കർശന നടപടികൾ കൈക്കൊള്ളും. അവർക്ക് ഒത്താശചെയ്ത പാർട്ടി ഭാരവാഹികൾക്കെതിരേയും അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.
നെടുവത്തൂരിൽ അവിശ്വാസംവിജയമാക്കി ബി.ജെ.പി.; രാഷ്ട്രീയക്കുടുക്കിലായി മുന്നണികൾ
കൊട്ടാരക്കര:നെടുവത്തൂരിൽ അവിശ്വാസം വിജയിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചരടുവലികളും ചർച്ചകളും തുടങ്ങി. അവിശ്വാസപ്രമേയച്ചർച്ചയ്ക്കു തൊട്ടുമുമ്പുവരെയും രാജിവെക്കുമെന്ന അഭ്യൂഹം പരന്നെങ്കിലും പരാജയം ഉറപ്പിച്ചതിനാൽ പഞ്ചായത്ത് സമിതിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു പ്രസിഡന്റ് ആർ.സത്യഭാമ.
പാർട്ടി നേതൃത്വത്തെ ധിക്കരിക്കാൻ കഴിയാത്തതിനാൽ കോൺഗ്രസിന്റെ രണ്ട് അംഗങ്ങളും യോഗം ബഹിഷ്കരിച്ചു. ജില്ലാ നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായി അവിശ്വാസത്തെ പിന്തുണച്ച മൂന്ന് യു.ഡി.എഫ്. അംഗങ്ങൾ മുന്നണിയെ വെട്ടിലാക്കി. പ്രസിഡന്റിനെ പിന്തുണയ്ക്കാൻ താത്പര്യമില്ലെങ്കിലും ബി.ജെ.പി.യുടെ അവിശ്വാസത്തെ പിന്തുണച്ചെന്ന ആരോപണം ഒഴിവാക്കാൻ എൽ.ഡി.എഫിന്റെ നാല് അംഗങ്ങളും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
ശേഷിച്ച 11 അംഗങ്ങളും അവിശ്വാസത്തിന് അനുകൂല നിലപാടെടുത്തതോടെ നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. 18 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങൾ മാത്രമുള്ള ബി.ജെ.പി.ക്ക് അവിശ്വാസപ്രമേയം വിജയിപ്പിക്കാനായത് വലിയ രാഷ്ട്രീയനേട്ടമാണ്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട പാർട്ടിക്ക് പഞ്ചായത്ത് ഭരണത്തിലെത്താനുള്ള സുവർണാവസരവും ഇതിലൂടെ ഒരുങ്ങി.
മൂന്നും രണ്ടുമായി പിരിഞ്ഞ കോൺഗ്രസ് അംഗങ്ങളുടെയും കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധി ആർ.രാജശേഖരൻ പിള്ളയുടെയും നിലപാടുകളും നിർണായകമാകുന്നു. വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് അവിശ്വാസപ്രമേയത്തിന്റെ വിജയം തുടക്കമിട്ടിരിക്കുന്നത്. സത്യഭാമയുടെ പിന്തുണയോടെ തങ്ങളിൽ ആരെങ്കിലും പ്രസിഡന്റാകണമെന്ന ചർച്ചയാണ് യു.ഡി.എഫിൽ ഉയരുന്നത്. എങ്ങനെയും ഭരണം പിടിക്കാനുള്ള ലക്ഷ്യത്തിലാണ് ബി.ജെ.പി. അംഗങ്ങൾ കുറവാണെങ്കിലും ബി.ജെ.പി. അധികാരത്തിലെത്തുന്നത് തടയുകയാണ് ഇടതിന്റെ ലക്ഷ്യം.
സത്യത്തിനുവേണ്ടി നിലകൊള്ളും; വിവാദങ്ങൾക്കുപിന്നിൽ പ്രസിഡന്റ് സ്ഥാനമോഹികൾ- സത്യഭാമ
പഞ്ചായത്തിൽ ബി.ജെ.പി. ഉയർത്തിയ വിവാദങ്ങൾക്കുപിന്നിൽ കോൺഗ്രസാണെന്ന് അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡന്റ് ആർ.സത്യഭാമ പറഞ്ഞു. അടിസ്ഥാനരഹിതമായ വിവാദങ്ങളാണ് ഉയർത്തുന്നത്. പ്രസിഡന്റ്സ്ഥാന മോഹമുദിച്ച കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങൾ തനിക്കെതിരായി ബി.ജെ.പി.യെ ഉപയോഗിക്കുകയായിരുന്നു. പഞ്ചായത്തിലെ എല്ലാവിഷയങ്ങളും ഡി.സി.സി. പ്രസിഡന്റിനെ അറിയിച്ചിരുന്നു. കോൺഗ്രസിന് ദോഷമുണ്ടാക്കുന്നതൊന്നും ചെയ്തിട്ടില്ല. ഡി.സി.സി. നേതൃത്വം പറഞ്ഞതിനാലാണ് രാജിവെക്കാതിരുന്നത്. ഭരണത്തിൽ ഇടപെടാൻ അനുവദിക്കാതിരുന്നതും വ്യക്തിപരമായ താത്പര്യങ്ങൾക്കു കൂട്ടുനിൽക്കാതിരുന്നതിലുള്ള ചിലരുടെ വിരോധവുമാണ് തനിക്കെതിരായ നീക്കങ്ങൾക്കുപിന്നിലെന്നും സത്യഭാമ പറഞ്ഞു.
പോരാട്ടം തുടരും- ബി.ജെ.പി
അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വിജയമാണ് നെടുവത്തൂരിൽ അവിശ്വാസപ്രമേയത്തിന്റെ വിജയത്തിലേക്ക് നയിച്ചതെന്ന് ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ കുറുമ്പാലൂർ സന്തോഷ് പറഞ്ഞു.
ലൈഫ് ഭൂമിയിടപാടിൽ അഴിമതി നടന്നെന്നു വ്യക്തമാണ്. പ്രസിഡന്റിന് അനുകൂലമായി വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന എൽ.ഡി.എഫിന്റെ തനിനിറം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. നെടുവത്തൂരിലുണ്ടായത് ധാർമികതയുടെ വിജയമാണെന്ന് ബി.ജെ.പി. നെടുവത്തൂർ ഏരിയ പ്രസിഡന്റ് പി.എസ്.ഷാലു പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം തുടരും. പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനമെടുക്കും. തിരഞ്ഞെടുപ്പിൽ വിജയിക്കാൻവേണ്ട എല്ലാ പ്രവർത്തനങ്ങളും പാർട്ടി നടത്തും. അതിനു പിന്തുണ നേടാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: kollam neduvathoor grama panchayat president r Satyabhama out udf ldf bjp no confidence motion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..