കൊല്ലം മേയർ പ്രസന്നാ ഏണസ്റ്റ് | Image Courtesy: Mathrubhumi news screengrab
കൊല്ലം: കരാറില്‍നിന്ന് വ്യതിചലിച്ചതു കൊണ്ടാണ് മാലിന്യ സംസ്‌കരണ ടെന്‍ഡറില്‍നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്ക് കമ്പനിയെ ഒഴിവാക്കിയതെന്ന് കൊല്ലം മേയര്‍ പ്രസന്നാ ഏണസ്റ്റ്. 25 ശതമാനം തുക, കമ്പനി മുന്‍കൂറായി ആവശ്യപ്പെട്ടു. കരാറില്‍ സെക്യൂരിറ്റി (സുരക്ഷാനിക്ഷേപം) നല്‍കാനും കമ്പനി തയ്യാറായില്ല. സോണ്‍ടയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ആയിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
സോണ്‍ടയുമായുള്ള കരാര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് 2019-20 ലെ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. തുടര്‍ന്ന് 2020-ല്‍ നിലവില്‍ വന്ന ഞങ്ങളുടെ കൗണ്‍സിലിന് ഈ വിഷയം ആദ്യം തന്നെ പരിശോധിക്കേണ്ടിവന്നു. കാരണം, മാലിന്യനീക്കം നിശ്ചിതകാലയളവിനുള്ളില്‍ നടത്തിയില്ലെങ്കില്‍ ആറുകോടി രൂപയോളം അടയ്ക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശം വന്നിരുന്നു. അതിനാലാണ് നിലവിലെ കൗണ്‍സില്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ വിഷയം തന്നെ ആദ്യംതന്നെ പരിഗണിച്ചത്. അപ്പോഴാണ് സോണ്‍ട കമ്പനിയുടെ കരാറിലെ ഈ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
അതേസമയം, കൊല്ലം കോര്‍പറേഷനിലെ മാലിന്യനീക്കം പദ്ധതിയില്‍നിന്ന് സ്വയം പിന്മാറിയതാണെന്നായിരുന്നു സോണ്‍ട ഇന്‍ഫ്രാടെക്ക് എം.ഡി. രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള തിങ്കളാഴ്ച മാധ്യമങ്ങളോടു പ്രതികരിച്ചത്. 17 നഗരങ്ങളിലുള്ള സോണ്‍ടയുടെ പദ്ധതികളില്‍ കേരളത്തില്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം ബയോമൈനിങ്ങിലൂടെ നീക്കാനാണ് സോണ്‍ട 2020-ല്‍ കരാറെടുത്തത്. 1940 മുതല്‍ കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ ഇവിടെ 6.8 കോടി രൂപ ചെലവില്‍ പ്ലാന്റ് സ്ഥാപിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പുമൂലം പ്രവര്‍ത്തിപ്പിക്കാനായില്ല. മാലിന്യമല നീക്കാന്‍ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചത്.
40,300 ഘനമീറ്റര്‍ മാലിന്യം 3.74 കോടി രൂപയ്ക്ക് നീക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ സോണ്‍ട തന്നെ നടത്തിയ പരിശോധനയില്‍ 1,12,274 ഘനമീറ്റര്‍ മാലിന്യം കണ്ടെത്തി 10.57 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. 25 ശതമാനം തുക മുന്‍കൂര്‍ നല്‍കണമെന്നും സുരക്ഷാനിക്ഷേപം വെക്കില്ലെന്നും അവര്‍ അറിയിച്ചു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ മാലിന്യസംസ്‌കരണത്തിനുള്ള സംസ്ഥാനതല ഉപദേശകസമിതിയും (എസ്.എല്‍.എ.സി.), കളക്ടറും ഇതില്‍ ഇടപെടുകയും 25 ശതമാനം തുക മുന്‍കൂറായി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൊല്ലം നഗരസഭാ കൗണ്‍സില്‍ യോഗം ഇത് നിരാകരിച്ചു.
മാലിന്യം പാചകവാതകമാക്കി മാറ്റുന്ന ആധുനിക പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാമെന്നും സോണ്‍ട നിര്‍ദേശംവെച്ചിരുന്നു. നഗരസഭാ കൗണ്‍സിലില്‍ ഇതിന്റെ പദ്ധതിരേഖയും വിശദീകരിച്ചു. 27 വര്‍ഷത്തിനുശേഷം പ്ലാന്റും സ്ഥലവും കോര്‍പ്പറേഷനു തിരികെനല്‍കാമെന്നായിരുന്നു വാഗ്ദാനം. 2020-ല്‍ പുതുതായി അധികാരമേറ്റ മേയര്‍, സോണ്‍ടയുടെ ബയോമൈനിങ് കരാര്‍ കൗണ്‍സിലില്‍വെച്ച് റദ്ദാക്കി. കോഴിക്കോട് എന്‍.ഐ.ടി.യുടെ നേതൃത്വത്തില്‍ നടത്തിയ ഡ്രോണ്‍ സര്‍വേയില്‍ ഇവിടെ 1,04,906 ഘനമീറ്റര്‍ മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു.
വീണ്ടും ടെന്‍ഡര്‍ വിളിച്ച് ഈറോഡ് ആസ്ഥാനമായ സിഗ്മ ഗ്ലോബല്‍ എന്‍വയോണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 11.85 കോടി രൂപയ്ക്ക് കരാര്‍ കൊടുത്തു. അവര്‍ ഇവിടെ ബയോമൈനിങ് ഏറെക്കുറെ പൂര്‍ത്തിയാക്കി. മാലിന്യത്തില്‍നിന്ന് പ്ലാസ്റ്റിക്കും കത്താന്‍ സാധ്യതയുള്ള മറ്റു വസ്തുക്കളും ഉള്‍ക്കൊള്ളുന്ന ആര്‍.ഡി.എഫ്., മണ്ണ്, കല്ല്, ലോഹവസ്തുക്കള്‍, ചില്ല്, ടയര്‍, തടി തുടങ്ങിയവ വേര്‍തിരിച്ച് സിമന്റ് ഫാക്ടറികളിലേക്കും വ്യവസായ ശാലകളിലേക്കും അയച്ചുകഴിഞ്ഞു. 100 ടണ്ണിലേറെ ചെരിപ്പും 2200-ല്‍പ്പരം ടണ്‍ പ്ലാസ്റ്റിക്കും കിട്ടിയിരുന്നു.
Content Highlights: kollam corporation mayor prasanna earnest on why they cancelled treaty with zonta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..