കൊല്ലം: കൊല്ലം ചിതറയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം വാദം പൊളിയുന്നു. കൊലപാതകം മരച്ചീനി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം കൊണ്ടാണെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരന്‍ സലാഹുദ്ദീന്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. നേരത്തെ സലാഹുദ്ദീന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സി.പി.എം ആരോപിച്ചിരുന്നത്. 

നേരത്തെ സലാഹുദ്ദീന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ തര്‍ക്കങ്ങളുടെ പേരിലാണ് കൊലപാതകമെന്നായിരുന്നു സലാഹുദ്ദീന്റെ മൊഴി. എന്നാല്‍ രാഷ്ട്രീയപരമെന്ന കാരണം പൂര്‍ണമായും തള്ളിക്കളയുകയാണ് ഇപ്പോള്‍ സലാഹുദ്ദീന്‍. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സലാഹുദ്ദീന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസിനോട് കളിക്കുമോടാ എന്ന് ചോദിച്ചായിരുന്നു ബഷീറിനെ പ്രതി ഷാജഹാന്‍ കുത്തിയതെന്ന മൊഴിയും സലാഹുദ്ദീന്‍ തിരുത്തി. ആക്രമണം നടക്കുമ്പോള്‍ താന്‍ ഉറങ്ങുകയാണെന്നും ബഹളം കേട്ട് പുറത്തെത്തിയ തന്നെയും ഷാജഹാന്‍ കുത്തി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും സലാഹുദ്ദീന്‍ പറഞ്ഞു.

content highlights: kollam, chithara murder, cpim, congress