കൊല്ലം: ബൈപ്പാസ് ഉദ്ഘാടനം വൈകുന്നതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് ബിജെപി സംസ്ഥാന ഘടകം സ്ഥിരീകരിച്ചു. ഉദ്ഘാടനത്തിനായി മോദി 15 ന് എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു. 

15ന് കേരളത്തിലെത്തുന്ന മോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ഓഫീസിനെയും രേഖാമൂലം അറിയിച്ചതായാണ് വിവരം. ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5.20 ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് വിവരം. 

ജനുവരി 15 ന് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഡിജിപിയുടെ ഓഫീസ് പറയുന്നത്. 

ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന വിവരം മാതൃഭൂമി ജനുവരി ആറിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് യു.ഡി.എഫും, എല്‍.ഡി.എഫും പോരടിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. പ്രത്യേകിച്ച് ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ. 

ബി.ജെ.പി. യുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് ബിജെപി പറയുന്നത്. ബൈപ്പാസ് ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞെന്ന് നിര്‍മാണച്ചുമതലയുള്ള കരാറുകാര്‍ പറഞ്ഞു. നാലുദിവസത്തെ ചെറിയ ജോലികള്‍മാത്രമേ അവശേഷിക്കുന്നുള്ളൂ.

സംസ്ഥാനസര്‍ക്കാരും കേന്ദ്രവും 50:50 അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂര്‍ത്തിയാക്കിയത്. കേന്ദ്രസര്‍ക്കാരിനോടുപോലും ആലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആരോപിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ടപ്പോള്‍ ജനുവരിയില്‍ ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചത്. ബൈപ്പാസിന്റെ വശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാല്‍മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചതാണ് വിവാദമായത്. കല്ലുംതാഴംമുതല്‍ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് യു.ഡി.എഫ്. ചൂണ്ടിക്കാട്ടിയത്.

തുടര്‍ന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിച്ചത്. ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയത് ഇടതുസര്‍ക്കാരിന്റെ ശ്രമഫലമായാണെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാദം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് മുടങ്ങിക്കിടന്ന നിര്‍മാണജോലികള്‍ ആരംഭിച്ചതെന്നുമായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് ഈ സര്‍ക്കാര്‍ വന്നശേഷമാണെന്നായിരുന്നു അവരുടെ വാദം. 

Content Highlights: Kollam Bypass will Iaugurate PM Modi on January 15