കൊല്ലം: ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്ത് പ്രധാനമന്ത്രിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന വിമര്‍ശനം മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നും, കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന അഭിപ്രായം മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പ്രധാനമന്ത്രിയെ കാണാന്‍ചെന്നിരുന്നു. കേരളത്തില്‍ പലതും ശരിയായി നടപ്പാക്കുന്നില്ലെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഉദാഹരണമായി ഗെയില്‍ പൈപ്പ് ലൈനും ചൂണ്ടിക്കാട്ടി. ഇതിനെല്ലാം അടുത്ത തവണ മാറ്റമുണ്ടാകുമെന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്. ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞെന്ന് ഇപ്പോള്‍ ആത്മവിശ്വാസത്തോടെ പറയാനാകും- മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാവുകയാണെന്നും 2020-ഓടെ ദേശീയ ജലപാത പൂര്‍ണതയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ബൈപ്പാസ് ഉള്‍പ്പെടെയുള്ള ദേശീയപാത വികസനം നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവത്തതാണ്. യാത്രകുരുക്കില്‍നിന്ന് മോചനം വേണമെങ്കില്‍ റോഡുകളുടെ സൗകര്യം വര്‍ധിപ്പിക്കണം. ഇക്കാര്യത്തിന് മുന്‍ഗണന നല്‍കുന്നു. ദേശീയപാത വികസനം മാത്രമല്ല, മലയോര ഹൈവേ, തീരദേശ ഹൈവേയ്ക്കും സംസ്ഥാന സര്‍ക്കാര്‍ പണം വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പറഞ്ഞത് ഇന്ന് തീര്‍ത്തും മാറ്റിമറിയ്ക്കാന്‍ കഴിഞ്ഞെന്ന് അഭിമാനത്തോടെ പറയാനാകുമെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി. ഇതിനെല്ലാംവേണ്ടി കേരളം ഒറ്റക്കെട്ടായി നിന്നെന്നും എല്ലാവരും ഒന്നായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ കേരളത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇതിനിടെ സദസില്‍നിന്ന് ചിലര്‍ ബഹളംവച്ചപ്പോള്‍ അവരെ ശാസിക്കുകയും ചെയ്തു. വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്നും യോഗത്തില്‍ അച്ചടക്കം പാലിക്കണമെന്നും എന്തുംകാണിക്കാനുള്ള വേദിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Content Highlights; kollam bypass inauguration cm pinarayi vijayan speech