തിരുവനന്തപുരം: കൊലക്കത്തി രാഷ്ട്രീയം പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തെ കൊലക്കളമാക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമമെന്നും കോടിയേരി ആരോപിച്ചു.

ഇടതുപക്ഷ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ചർച്ചയാകാതിരിക്കാൻ വലതുപക്ഷം ആസൂത്രിതമായി ശ്രമിക്കുന്നു. സർക്കാരിനെ വികസന അജണ്ടയിൽ നിന്ന് പിന്നോട്ട് നയിക്കാനാണ് ഇവരുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ 40 ദിവസത്തിനിടയിൽ കേരളത്തിൽ നാല് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയത് ബിജെപിക്കാരാണ്. മൂന്ന് പേരുടെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരും. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഗൗരവമായി പരിശോധിക്കണം പ്രകോപനത്തിൽ പെട്ടുപോകരുതെന്ന് അണികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനെതിരേയുള്ള ആരോപണം ഗൗരവതരമാണ്. മുരളീധരന്റേത് പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. ഒരു മന്ത്രിക്കെതിരേയും ഇതുവരെ ഇത്തരമൊരു ആരോപണം ഉയർന്നിട്ടില്ല. തനിക്കെതിരേയുള്ള ആരോപണം തെറ്റാണെന്ന് പറഞ്ഞ് മുരളീധരന് കൈകഴുകാനാകില്ല. ഇക്കാര്യത്തിൽ നിയമപരമായ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സർക്കാരിനെതിരേ വലതുപക്ഷ മാധ്യമങ്ങൾ ആസൂത്രിതമായ വാർത്ത നൽകുന്നതിനേയും കോടിയേരി വിമർശിച്ചു. ചില മാധ്യമങ്ങൾ സംരക്ഷിക്കുന്നത് കോർപറേറ്റ് താത്‌പര്യങ്ങളാണ്. സർക്കാരിനെതിരേ അവമതിപ്പുണ്ടാക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം. ഇതിനെ പാർട്ടി തുറന്നകാണിക്കും. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാരിന് താത്‌പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content highlights:kodiyeri statement against opposition