തിരുവനന്തപുരം:  ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ ആര്‍എസ്എസിനെയും ബിജെപിയേയും വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതോടുകൂടി ബിജെപി നേതൃത്വം പരിഭ്രാന്തരും ഇളിഭ്യരുമായി മാറിയെന്ന് കോടിയേരി പരിഹസിച്ചു. ആ ജാള്യം മറയ്ക്കാനാണ് ഇപ്പോള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും കേരളത്തെ കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നത്. ഇത് കേരളം അനുവദിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. യുവതി പ്രവേശനം ആചാര ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു. 

കോടിയേരിയുടെ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ 

 • ശബരിമല വിഷയത്തില്‍ ഏഴാമത്തെ ഹര്‍ത്താല്‍ ആണ് നടക്കുന്നത്. ജനങ്ങള്‍ ഇതുകണ്ട് മടുത്തിരിക്കുന്നു. എന്തിനും ഏതിനും ഹര്‍ത്താല്‍ എന്ന സ്ഥിതിയിലേക്ക് ബിജെപി ചിന്തിക്കുന്നു 
 • ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ബോധപൂര്‍വമാണ്. ഇത് അരാജകത്വം സൃഷ്ടിക്കാനാണ്. കേരളത്തില്‍ കലാപമുണ്ടാക്കാനാണ്. തെരുവുയുദ്ധമാണ് ആര്‍.എസ്.എസ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്കെതിരായ യുദ്ധമാണ് ആര്‍എസ്എസ് നടത്തുന്നത്. 
 • കേരളത്തിലുടനീളം അക്രമങ്ങള്‍ ഉണ്ടായിട്ടും ധാരാളം സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ജോലി ചെയ്യാനുള്ള സന്നദ്ധത ജനം പ്രകടിപ്പിച്ചു.  ഇത് ബിജെപിക്ക് ജനങ്ങള്‍ കൊടുത്തിരിക്കുന്ന സന്ദേശമാണ്.  ഇതില്‍ നിന്നവര്‍ പാഠം പഠിക്കണം. 
 • ബിജെപി ജനങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. 
 • ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതോടുകൂടി ബിജെപി നേതൃത്വം പരിഭ്രാന്തരും ഇളിഭ്യരുമായി മാറി.  ഒരു യുവതിയേയും ശബരിമലയില്‍ പ്രവേശിപ്പിക്കാനനുവദിക്കില്ലെന്നായിരുന്നു അവര്‍ പ്രഖ്യാപിച്ചിരുന്നത്. 
 • കഴിഞ്ഞ മൂന്നുമാസക്കാലമായി അവര്‍ സമരരംഗത്തായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ്
  അവര്‍ ശബരിമലയ്ക്ക് ചുറ്റും വിന്യസിച്ചത്. കണ്ണിലെണ്ണയൊഴിച്ച് യുവതികള്‍ എത്തുന്നുണ്ടോയെന്ന നിരീക്ഷിച്ചു. 
 • എന്നിട്ടും രണ്ട് യുവതികള്‍ക്ക് അവിടെ കടന്ന് ദര്‍ശനം നടത്താന്‍ സാധിച്ചുവെന്നത് ആര്‍.എസ്.എസ് നടത്തുന്ന പ്രഖ്യാപനങ്ങളൊന്നും കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ല എന്നതിന്റെ തെളിവാണ്.
 • അവര്‍ ഇളക്കിവിട്ട വര്‍ഗീയ ഭ്രാന്ത് ഇപ്പോള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി. ആ ജാള്യം മറയ്ക്കാനാണ്‌ ഇപ്പോള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും
  കേരളത്തെ കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നത്. ഇത് കേരളം അനുവദിക്കാന്‍ പോകുന്നില്ല. 
 • ക്രമസമാധാനം പാലിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസുകാരെ ആക്രമിക്കുന്നു. പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു. 
 • ബിജെപിയും ആര്‍എസ്എസും സ്ത്രീകളെ പേടിച്ചുതുടങ്ങി. 
 • തന്ത്രിയുടെ നടയടക്കലും തുറക്കലും മുന്‍കാലങ്ങളിലുമുണ്ടായിട്ടുണ്ട്.  ഈ ഘട്ടങ്ങളില്‍ കൂടിയാണ് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. 
 • തന്ത്രിയെ ന്യായീകരിച്ച ചെന്നിത്തലയുടെ നടപടി കോണ്‍ഗ്രസ് പാരമ്പര്യത്തിന് നിരക്കുന്നതല്ല. 
 • ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യും. അയോധ്യയ്ക്ക് വേണ്ടിയാകും ഓര്‍ഡിന്‍സ് പ്രധാനമന്ത്രി ഉപയോഗിക്കുക. 
 • ഓര്‍ഡിന്‍സിന് വേണ്ടി വാദിക്കുന്ന ലീഗ് സ്വയം കുഴികുഴിക്കുന്നു.

Content Highlights: Kodiyeri Pres meets on Sabarimala Hartal critics BJP and RSS