തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കോടിയേരി അറിയിച്ചത്. 

എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവുമായി നടത്തിയ ആശയവിനിമയത്തില്‍ അറിയിച്ചത്. മകനെതിരായി ഉയര്‍ന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ താന്‍ മാറിനില്‍ക്കാമെന്നാണ് കോടിയേരി അറിയിച്ചു.

എകെജി സെന്ററില്‍ നടന്ന പിണറായി-കോടിയേരി കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. ഇന്ന് രാവിലെ പാര്‍ട്ടി നേതൃയോഗം ചേരാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. ഈ യോഗങ്ങളിലും കോടിയേരി തന്റെ നിലപാട് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അത് പാര്‍ട്ടി സ്വീകരിക്കുമോ അതോ തള്ളുമോ എന്നതും കണ്ടറിയേണ്ടതാണ്.

മാറിനിന്നാല്‍ അത് ആരോപണം ശരിയെന്ന് അംഗീകരിക്കുന്ന ഒരു സാഹചര്യവും പാര്‍ട്ടി അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ ആരോപണം മകന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കിലും ഉന്നത കമ്യൂണിസ്റ്റ് മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് മാറിനില്‍ക്കുന്നു എന്ന മാതൃക പൊതുസമൂഹത്തിന് നല്‍കാന്‍ സഹായിക്കും എന്ന വാദവുമുണ്ട്.

ആന്തൂര്‍ നഗരസഭാ വിവാദവും സെക്രട്ടേറിയറ്റില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വിഷയമാകും.

Content Highlights: Kodiyeri offers to resigns, binoy kodiyeri