കോടിയേരി, സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കലാണ് ലക്ഷ്യം. ഇത്തരം ആരോപണങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമാണെന്നും കോടിയേരി പറഞ്ഞു. ഷാജ് കിരണിന്റെ ശബ്ദ രേഖ സ്വപ്ന പുറത്തുവിട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
പഴയ വിവാദങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. കലാപവും സംഘര്‍ഷവും നിറച്ച് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമം. ഇത്തരം കള്ളക്കഥകള്‍ക്കും കലാപങ്ങള്‍ക്കും കീഴടങ്ങില്ല. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രചാരണം നടത്തുമെന്നും കോടിയേരി പറഞ്ഞു.
സ്വപ്ന കോടതിക്ക് നല്കിയ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അത് മാറ്റി. മുഖ്യമന്ത്രിക്കെതിരായി മൊഴി നല്കാന് നിര്‍ബന്ധിക്കുന്നുവെന്നും സ്വപ്ന പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കഥമാറി. ഓരോ ഘട്ടത്തിലും ഓരോ തരത്തില്‍ മൊഴി കെടുക്കുന്നു. ബിരിയാണി ചെമ്പിന്റെ ബന്ധം മാത്രമാണ് പുതുതായി പുറത്തുവന്ന ആരോപണത്തിലെ പുതിയ കാര്യം. ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണം കടത്തിയെന്നായിരുന്നു അന്നത്തെ ആരോപണം. സ്വപ്നയുടെ ഇപ്പോഴത്തെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന് കോടതിയാണ് പരിശോധിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
2020-ല്‍ സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്ന വേളയില്‍ തന്നെ ഇതില്‍ ശരിയായ നിലയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ആരാണ് സ്വര്‍ണം അയച്ചതെന്നും അത് കൈപറ്റിയത് ആരാണെന്ന് കണ്ടെത്താനും ഒന്നരവര്‍ഷമായിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിക്കും സാധിച്ചിട്ടില്ല. നയതന്ത്ര ബഗേജിലല്ല സ്വര്‍ണം വന്നതെന്ന കേന്ദ്ര നിലപാടാണ് കേസിനെ വഴിതിരിച്ചുവിട്ടത്. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം എത്തുമെന്നായപ്പോള്‍ അന്വേഷണത്തിന്റെ ഗതി മാറിയെന്നും കോടിയേരി ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..