തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തണമെന്നും ആരോപണവിധേയനായ ബിനോയിയെ സഹായിക്കുന്നിതോ സംരക്ഷിക്കുന്നതിനോ താനോ പാര്‍ട്ടിയോ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരായ പ്രശ്‌നം ചര്‍ച്ച ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയും പ്രത്യേക കുടുംബമായി താമസിക്കുന്നയാളുമാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്വം മാത്രം. അക്കാര്യത്തില്‍ ഞാന്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ല. അത് അവര്‍തന്നെ അനുഭവിക്കണം- കോടിയേരി പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണ്. പാര്‍ട്ടി ഇടപെടേണ്ട പ്രശ്‌നമല്ല. പാര്‍ട്ടി അംഗങ്ങള്‍ സ്വീകരിക്കേണ്ട സമീപനവും നടപടിക്രമവുമാണ് മകന്റെ കാര്യത്തിലും ഞാന്‍ സ്വീകരിക്കുന്നത്. മറ്റുകാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കട്ടെ. അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല-അദ്ദേഹം വിശദീകരിച്ചു. 

അതിനിടെ ബിനോയ് കോടിയേരിയെ താന്‍ ബന്ധപ്പെട്ടിട്ട് ദിവസങ്ങളായെന്നും മകന്‍ എവിടെയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവന്റെ പിന്നാലെ എപ്പോഴും പോകുന്ന ആളാണെങ്കില്‍ ഈ പ്രശ്‌നമുണ്ടാകില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.

കേസ് വന്നസമയത്താണ് ഇതുസംബന്ധിച്ച് അറിയുന്നത്. മകന്‍ ആശുപത്രിയില്‍ കാണാന്‍വന്നിരുന്നു. മകനെ കണ്ടിട്ട് കുറച്ചുദിവസമായെന്നും മകനെ ഫോണില്‍പോലും വിളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞദിവസങ്ങളില്‍ അയുര്‍വേദ ചികിത്സയിലായിരുന്നു. ഇപ്പോഴും ചികിത്സയിലാണ്. യോഗത്തില്‍ പങ്കെടുക്കാനാണ് ആശുപത്രിയില്‍നിന്ന് വന്നത്. കേസില്‍ മകന്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്റെഭാഗത്ത് തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ നടപടിയെടുക്കും. മാധ്യമവാര്‍ത്തകളുടെ പിറകേ പോകാനില്ല. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, താന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനല്‍ക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

Content Highlights: Kodiyeri Balakrishnan's response about binoy kodiyeri rape case o