കോടിയേരി ബാലകൃഷ്ണൻ| Photo: Mathrubhumi Library
തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സിക്ക് വിട്ടാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് കണ്ടറിയേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഓരോ ദിവസവും പുതിയ പുതിയ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടികരിക്കുന്നത്. അതുകൊണ്ട് പുറത്തുവന്ന എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്. പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം സന്നദ്ധമാകണം.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണമൊഴുക്കി നടത്തിയ നിരവധി സംഭവങ്ങളില്‍ ഒന്നാണ് പണം നല്കി സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാനുളള ശ്രമം. തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലഴിക്കാനുളള തുക ഇലക്ഷന് കമ്മിഷന് നിശ്ചിച്ചുണ്ട്. ആ പരിധിക്കപ്പുറത്ത് ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയപാര്‍ട്ടികളുടെ കണക്കിലാണ് വരിക. ഒരു പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ പണം ചെലവഴിക്കാം. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപി സമര്‍പ്പിച്ച കണക്കില്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.
കേന്ദ്ര ഏജന്‍സിക്ക് വിട്ടാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് കണ്ടറിയേണ്ട കാര്യമാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ തന്നെ അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജന്‍സിയാണ് ഇഡി. അവര്‍ മുന്‍കൈ എടുത്തില്ല എന്നുളളത് തന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നു', കോടിയേരി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..