Photo: E.S.Akhil
തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. ബെംഗളുരു മയക്കുമരുന്ന് കേസ് പ്രതികളുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണസംഘം എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കട്ടെ. നിങ്ങളൊരു രക്ഷിതാവാണെങ്കില്‍ ഇത്തരമൊരു കാര്യമറിഞ്ഞാല്‍ നിങ്ങള്‍ സംരക്ഷിക്കുമോ? ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ ഇല്ലാത്ത കഥകളുണ്ടാക്കി പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നത്.
മാനസികമായി എന്നെ തകര്‍ക്കനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതുകൊണ്ടൊന്നും എന്നെ തകര്‍ക്കാനാവില്ല. ഇതും ഇതിനേക്കാള്‍ വലിയ കഥകള്‍ വന്നാല്‍ അതും നേരിടാന്‍ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവാകുമ്പോള്‍ പലതരത്തിലുളള ആക്രമണങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് വിചാരണയും പരിശോധനയും ഒരുവഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജന്‍സി കാര്യങ്ങള്‍ സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തട്ടെ. ബിനീഷ് വല്ല കുറ്റവും ചെയ്‌തെങ്കില്‍ അവനെ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ. ആരും സംരക്ഷിക്കാന്‍ പോകുന്നില്ല- കോടിയേരി പറഞ്ഞു.
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും നേരിടാന്‍ ഇടതുപക്ഷ മുന്നണി സജ്ജമാണ്. ജോസ്.കെ.മാണിയോട് നിഷേധാത്മകമായ നിലപാടല്ല ഇടതുപക്ഷത്തിനുളളതെന്നും ജോസ് കെ മാണി ഒരു നിലപാട് സ്വീകരിച്ചതിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
Content Highlights:Kodiyeri Balakrishnan reacts on the allegation of Bineesh's links with Bengaluru drug case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..