ചിതയിലേക്കെത്തും വരെ പ്രിയസഖാവിനൊപ്പം തന്നെ,അടക്കിവെച്ച വിതുമ്പല്‍ ഒടുവില്‍ വിങ്ങിപ്പൊട്ടലിലേക്ക്


കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികെ മുഖ്യമന്ത്രി.,കോടിയേരിക്കൊപ്പം മുഖ്യമന്ത്രി പിണറായി, കോടിയേരിയുടെ ശവമഞ്ചവുമായി മുഖ്യമന്ത്രി

കണ്ണൂര്‍:'കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടി വരുമെന്ന് കരുതിയില്ല' ഇങ്ങനെ പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രിക്ക് തന്റെ വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല... കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തില്‍ സംസാരിക്കുന്നതിനിടെ കണ്ഠമിടറി വാക്കുകള്‍ കിട്ടാതെ പ്രയാസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അനുശോചന പ്രസംഗം പൂര്‍ത്തിയാക്കാനാവാതെ മുഖ്യമന്ത്രി ഇരിപ്പടത്തിലേക്ക് മടങ്ങി. കോടിയേരിയുടെ വിയോഗം ഉണ്ടാക്കിയ നഷ്ടം എളുപ്പം പരിഹരിക്കാനാവുന്നല്ല. കൂട്ടായ പരിശ്രമത്തിലൂടെ അത് നികത്താനാണ് ശ്രമിക്കുകയെന്ന് പറഞ്ഞതോടെ മുഖ്യമന്ത്രിക്ക് തൊണ്ടയിടറി. വാക്കുകള്‍ കിട്ടാതായതോടെ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇരിപ്പടത്തിലേക്ക് മടങ്ങുകയായിരുന്നു.

പിണറായിയും കോടിയേരിയും സ്ഥലങ്ങള്‍ തമ്മില്‍ കിലോമീറ്ററുകളുടെ ദൂരമുണ്ടായിരുന്നെങ്കിലും ഇരുവരുടേയും മനസ്സുകള്‍ തമ്മില്‍ ഒരിഞ്ച് ദൂരമുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയും ഓര്‍ത്തെടുത്തത്. പിണറായിയോട് ചേര്‍ന്ന തന്നെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയ യാത്ര. പാര്‍ട്ടി ഉപദേശകനായി, പ്രതിസന്ധികളില്‍ പരിഹാരമായി, ഏത് സമസ്യക്കും ഉത്തരമായി നിലനിന്നിരുന്ന ആളെകൂടിയാണ് പിണറായി വിജയന് നഷ്ടമായിരിക്കുന്നത്. മണിക്കൂറുകളോളം പിടിച്ചടക്കി വെച്ചിരുന്ന വിതുമ്പലാണ് അനുശോചനയോഗത്തില്‍ കണ്ഠമിടറലായി, നിറഞ്ഞ കണ്ണുകളായി പുറത്തുവന്നത്.നടന്നുതീര്‍ത്ത രാഷ്ട്രീയ വഴികളിലെല്ലാം ഒപ്പമുണ്ടായിരുന്ന സ്നേഹസതീര്‍ഥ്യന്റെ അന്ത്യയാത്രയിലുംപിണറായി വിജയന്‍ ഒപ്പം ചേര്‍ന്നുനിന്നിരുന്നു. അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നാരംഭിച്ച വിലാപയാത്രയ്‌ക്കൊപ്പം കാല്‍നടയയായി രണ്ടര കിലോമീറ്റര്‍ മുഖ്യമന്ത്രിയും ചേര്‍ന്നു. പയ്യാമ്പലത്തെത്തിച്ച കോടിയേരിയുടെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോഴും ശവമഞ്ചം ചുമലിലേറ്റാന്‍ പിണറായി മുന്നില്‍ നിന്നു. പിണറായിയെ കൂടാതെ പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എംഎ ബേബി തുടങ്ങിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും ശവമഞ്ചം ചുമലിലേറ്റി നടന്നു.

ശനിയാഴ്ച രാത്രിയില്‍ യൂറോപ്യന്‍ യാത്രയ്‌ക്കൊരുങ്ങിയ മുഖ്യമന്ത്രിയുടെ കാതുകളിലേക്ക് ഉച്ചയോടെയാണ് ആ വിവരം എത്തിയത്. കോടിയേരിയുടെ ആരോഗ്യനില വഷളായിരിക്കുന്നു. ഉടന്‍ തന്നെ യൂറോപ്പ് സന്ദര്‍ശനം മാറ്റിവെക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി കോടിയേരിയെ കാണാനായി ചെന്നൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അതിനു മുന്‍പ് ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ വിയോഗവാര്‍ത്തയെത്തി.ചെന്നൈ അപ്പോളോയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ തലശ്ശേരിയിലെത്തിക്കുമ്പോഴേക്കും മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് ഓടിയെത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സംഘമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പിന്നീട് വിലാപയാത്രയായി മൃതദേഹം തലശ്ശേരി ടൗണ്‍ഹാളിലെത്തുന്നതിന് ഒന്നര മണിക്കൂര്‍ മുന്നേ അങ്ങോട്ടേക്കെത്തി മുഖ്യമന്ത്രി കാത്തിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെ ടൗണ്‍ഹാളിലെത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രിയും സംഘവും ചേര്‍ന്നാണ് ചെങ്കൊടി പുതപ്പിച്ചത്. എട്ട് മണിക്കൂറോളം നീളുന്ന പൊതുദര്‍ശനസമയം മുഴുവന്‍ വിങ്ങലടക്കി കാവലിരിക്കുന്നതുപോലെ കോടിയേരിയുടെ തൊട്ടടുത്ത് പിണറായി വിജയനുണ്ടായിരുന്നു. പോയകാലത്തിന്റെ ഓര്‍മകള്‍ മുഴുവന്‍ ആ മുഖത്ത് അലയടിക്കുന്നുണ്ടായിരുന്നു.

രാത്രി പത്ത് മണിക്ക് ശേഷമാണ് കോടിയേരിയുടെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. അപ്പോഴും പിണറായി വിജയന്‍ മൃതദേഹത്തെ അനുഗമിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടിലെ പൊതുദര്‍ശനത്തിലും അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനും മുഖ്യമന്ത്രി മുഴുവന്‍ സമയം ഒപ്പമുണ്ടായിരുന്നു. അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലം ശ്മശാനത്തിലേക്കുള്ള വിലാപയാത്രയേയും മുഖ്യമന്ത്രി അനുഗമിച്ചു. ഒടുവില്‍ ശവമഞ്ചം ചുമലിലേറ്റാനും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു. കോടിയേരിയുടെ മക്കളായ ബിനീഷും ബിനോയിയും ചേര്‍ന്ന് കോടിയേരിയുടെ ചിതയ്ക്ക് തീകൊളുത്തിയതോടെ പ്രിയപ്പെട്ട സുഹൃത്തിന് അവസാനമായി മുഷ്ടിചുരുട്ടി അഭിവാദ്യമര്‍പ്പിച്ച് പിണറായി വിജയന്‍ മടങ്ങി.

പിന്നീട് നടന്ന അനുശോചന യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എല്ലാവും ഒരുനിമിഷം എഴുന്നേറ്റ് നിന്ന് മൗനമാചരിച്ചു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും മുഖ്യമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. അകാലത്തിലുള്ളതും അപ്രതീക്ഷിതവുമായിരുന്നു കോടിയേരിയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് കോടിയേരിയുടെ വിയോഗ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലും കുറിച്ചത്. മരണം തീവ്രമായ വേദനയാണ് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങളെന്നും മുഖ്യമന്ത്രി കുറിച്ചു.

ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരണാതീതമാണ്. രോഗം ബാധിച്ചപ്പോള്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കണമെന്നത് ഞങ്ങളുടെ എല്ലാം നിര്‍ബന്ധമായിരുന്നു. എന്നാല്‍ വളരെ വേഗം തന്നെ ചികിത്സ ഫലിക്കാത്ത തരത്തിലേക്ക് അസുഖം വളരുകയായിരുന്നു. സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല - ഈ നാടിന്റെ, നമ്മുടെയാകെ ഹൃദയങ്ങളില്‍ ആ സ്നേഹസാന്നിധ്യം എന്നുമുണ്ടാകുമെന്നും പിണറായി കുറിച്ചു.

Content Highlights: kodiyeri balakrishnan pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented