'അന്ന് അബ്ദുള്ളക്കുട്ടിയാണ് എന്നെ പിഎ ആക്കാന്‍ നിര്‍ദേശിച്ചത്', രണ്ടര പതിറ്റാണ്ട് ഒപ്പം നടന്ന അനുഭവം


ഇ,വി.ജയകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ,ഭാര്യ വിനോദിനി,എം.രാഘവൻ, ഭാര്യ കെ.വി.ഉഷ എന്നിവർ. രാഘവന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നെടുത്ത ഫോട്ടോ

കാഞ്ഞങ്ങാട്: 'നല്ല ദേഷ്യത്തിലാണെങ്കില്‍ മുഷ്ടി ചുരുട്ടി മറ്റേ കൈപ്പത്തിക്കിടിച്ചുകൊണ്ടേയിരിക്കും. സന്തോഷമാണെങ്കില്‍, അതു മുഖത്ത് പ്രതിഫലിക്കും. പൊട്ടിച്ചിരിക്കും. ദേഷ്യ സമയത്ത് മെല്ലെ അടുത്തേക്കു പോയി പതിയെ ബാലകൃഷ്ണേട്ടാ എന്നു വിളിക്കും. പൊയ്ക്കോ നിങ്ങളെല്ലാം കണക്കാണ് എന്നൊക്കെ പറയും. എന്നാലും അവിടത്തെന്നെ നില്‍ക്കും. ബാലകൃഷ്ണേട്ടാ എന്നു വീണ്ടും വിളിച്ച് നിസ്സാരമായ വിഷയങ്ങളെടുത്തിട്ട് എന്തെങ്കിലും പറഞ്ഞു നോക്കും. സന്തോഷ സമയമാണെങ്കില്‍ ഏതു വിഷയവും സംസാരിക്കാം....' കോടിയേരി ബാലകൃഷ്ണനെ കുറിച്ചു പറയുമ്പോള്‍, അദ്ദേഹത്തിനൊപ്പം രണ്ടരപ്പതിറ്റാണ്ടോളം കൂടെ നടന്ന കാഞ്ഞങ്ങാട്ടെ എം.രാഘവന് വാക്കുകളൊഴുകുന്നു. മക്കള്‍ ബിനോയിയേയും ബിനിഷിനേയുമൊക്കെ നന്നായി വഴക്കുപറയുന്ന ബാലകൃഷ്ണേട്ടനെ പലര്‍ക്കുമറിയില്ല. എത്രയോ തവണ അത്തരം സന്ദര്‍ഭങ്ങള്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്.

അഭ്യന്തര മന്ത്രിയായ സമയത്ത് പാതിരാത്രിയും കഴിഞ്ഞ് ഓഫീസിലിരുന്നു പണിയെടുക്കും. എത്രയോ ദിവസങ്ങളില്‍ വിനോദിനിയേച്ചി വിളിക്കുമ്പോഴാണ് രാത്രി ഏറെ വൈകിയത് ബാലകൃഷ്ണേട്ടന്‍ അറിയുക. രാഘവാ സമയം പോയതറിഞ്ഞില്ലെന്നു പറഞ്ഞ് ഓഫീസില്‍ നിന്നിറങ്ങും. പുലര്‍ച്ചെ നാലരയ്ക്കു എഴുന്നേല്‍ക്കും. കുറച്ചു വ്യായാമം. ആദ്യം ദേശാഭിമാനി വായിക്കും. പിന്നെ മാതൃഭൂമി. ഇംഗ്ലീഷ് ഉള്‍പ്പെടെ അഞ്ചു പത്രം നിത്യവും വായിക്കും. നിയമസഭയിലായാലും എ.കെ.ജി.സെന്ററിലായാലും പറഞ്ഞ സമയത്തിനും കാല്‍ മണിക്കൂര്‍ മുന്‍പേ എത്തും. സമയ നിഷ്ഠയ്ക്കു അത്രയധികം പ്രാധാന്യം കല്‍പ്പിക്കും.വ്യക്തി പരമായി ആരെയും ചൊടിപ്പിക്കില്ല. സംഘടനപരമായി പറയേണ്ടത് കര്‍ശനമായും കടുപ്പിച്ചും പറയുകയും ചെയ്യും.

ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല

ഏതെങ്കിലും ഒരു കാര്യത്തിലോ ആര്‍ക്കെങ്കിലുമെതിരെയോ ബാലകൃഷ്ണേട്ടനെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ വന്നു മറ്റൊരാളെക്കുറിച്ച് നെഗറ്റീവ് പറഞ്ഞാല്‍, അതൊന്നും നീ പറയേണ്ട. എനിക്കറിയാം എന്ന് ഒറ്റ വാചകത്തില്‍ മറുപടി നല്‍കും. അതേ സമയം ഒരാളുടെ മുഖത്തു നോക്കി അയാളുടെ തെറ്റു ചൂണ്ടിക്കാട്ടുകയും ചെയ്യും. ഓര്‍മശക്തിയുടെ കാര്യത്തില്‍ ബാലകൃഷ്ണേട്ടനെ എടുത്തു പറയണം. അതു രാഷ്ട്രീയ കാര്യമായാലും സെക്രട്ടറിയേറ്റിലെ ഫയലിന്റെ കാര്യമായാലുമെല്ലാം കൃത്യമായി ഓര്‍മയില്‍ നിന്നെടുത്തു പറയും.

2011 ലെ ഒരു ഹർത്താൽ ദിനത്തിൽ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടശേഷം എം.രാഘവനൊപ്പം ബൈക്കിൽ മടങ്ങുന്ന കോടിയേരി ബാലകൃഷ്ണൻ

ഏതെങ്കിലും ഒരു വിഷയം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അതിന്റെ അടിവേരടക്കം ചോദിച്ചു മനസിലാക്കും. ഒരാള്‍ ഒരു വിഷയത്തെ പറയുകയും സകല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കുകയും ചെയ്തുവെന്നിരിക്കട്ടെ. ഇതേ വിഷയവുമായി വേറൊരാള്‍ വന്നാലും ആ വിഷയം ആദ്യം അറിയുന്നതു പോലെയായിരിക്കും ബാലകൃഷ്ണേട്ടന്റെ സംസാരം. ഇങ്ങനെ പത്തു പേര്‍ അതേ വിഷയം സംസാരിച്ചാലും ആദ്യം പറഞ്ഞയാളില്‍ കേള്‍ക്കുന്ന അതേ മനോഭാവമായിരിക്കും ബാലകൃഷ്ണേട്ടന്. ഇതെങ്ങനെ കഴിയുന്നുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ബാലകൃഷ്ണേട്ടന്‍ പറഞ്ഞത്, പലരും പല രീതിയിലായിരിക്കും കാര്യങ്ങളെ കാണുക. എല്ലാം കൃത്യമായി കേട്ടാല്‍ ശരിയായ നിലപാടെടുക്കാന്‍ എളുപ്പമാണെന്നാണ്. കുനുകുനായെന്നെഴുതുന്നതാണ് ബാലകൃഷ്ണേട്ടന്റെ രീതി. അക്ഷരങ്ങള്‍ പൂര്‍ണമാകില്ല. അതിനാല്‍ എല്ലാവര്‍ക്കുമത് വായിക്കാനും കഴിയില്ല.

ബാഗ് പിടിക്കാന്‍ പോലും സമ്മതിക്കില്ല

കാഞ്ഞങ്ങാട് അതിയാമ്പൂരിലെ എം.രാഘവന്‍ സി.പി.എമ്മിന്റെ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു.നേതാവുമാണ്. ബാലസംഘത്തിലുടെയും എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐ.ലുടെയും വളര്‍ന്നു. ഫിഷറീസ് വകുപ്പില്‍ ക്ലാര്‍ക്കായി ജോലി കിട്ടി. അന്നു എ.പി.അബ്ദുള്ളക്കുട്ടിയാണ് കോടിയേരിയോട് രാഘവനെ പി.എ. ആക്കിയാല്‍ നല്ലതല്ലേയെന്ന് ചോദിച്ചത്.അധികം വൈകാതെ പി.എ.ആയി. ഭരണ രംഗത്ത് അഭ്യന്തരടൂറിസം മന്ത്രി, പ്രതിപക്ഷ ഉപനേതാവ്. പാര്‍ട്ടിയില്‍ കേന്ദ്ര കമ്മിറ്റിയംഗം, പോളിറ്റ് ബ്യൂറോ ്അംഗം, സംസ്ഥാന സെക്രട്ടറി എന്നീ കാലയളവിലെല്ലാം കോടിയേരിക്കൊപ്പം നിഴല്‍പോലെ രാഘവനുമുണ്ട്. എത്ര വലിയ സ്ഥാനത്തിരുന്നാലും കാറിന്റെ ഡോറ് തുറന്നു കൊടുക്കാനോ കൈയ്യിലുള്ള ബാഗ് പിടിക്കാനോ ഒന്നും ബാലകൃഷ്ണേട്ടന്‍ സമ്മിതിക്കില്ലെന്നും രാഘവന്‍ പറയുന്നു. രാഘവന് 54 വയസായി. ഭാര്യ കെ.വി.ഉഷയും മക്കള്‍ ഗൗതം,ഗോവര്‍ധന്‍ എന്നിവരും തിരുവനന്തപുരം തിരുമലയിലെ 'ഉത്ര'ത്തിലാണ് താമസം. കോടിയേരിയുടെ പി.എ.സ്ഥാനം ഒഴിവായപ്പോള്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു സ്വയം വിരമിച്ച് കാഞ്ഞങ്ങാട്ടെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി.


Content Highlights: kodiyeri balakrishnan pa raghavan about his experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented