Screengrab| Mathrubhumi News
- ആര്‍എസ്എസ് ക്യാമ്പ് സംഘടിപ്പിച്ച് 3,000 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു
- ഇത്തരം പ്രവൃത്തികൊണ്ട് സിപിഎമ്മിനെ വിരട്ടാമെന്ന് കരുതരുത്
തിരുവനന്തപുരം: തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ബിജെപിക്കും ആര്‍എസ്എസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹരിദാസിനെ ക്രൂരമായി ആക്രമിക്കുകയും കാല് വെട്ടിമാറ്റുകയും ചെയ്തിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ഇതിന് പിന്നില്‍. രണ്ട് മാസം മുന്‍പ് കേരളത്തില്‍ ആര്‍എസ്എസ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു ക്യാമ്പ് സംഘടിപ്പിച്ച് മൂവായിരത്തോളം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇത്തരത്തില്‍ പരിശീലനം ലഭിച്ചവരാണ് ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കോലപാതകം. കേരളത്തെ കലാപഭൂമിയാക്കുകയാണ് ഇത്തരം പ്രവൃത്തിയുടെ ലക്ഷ്യം.
ഗൂഡാലോചന നടത്തിയവരെ കണ്ടെത്തണം. കൊലപാതകം നടത്തിയവര്‍ തന്നെ അത് പോലീസിന്റെ വീഴ്ചയാണെന്ന് പറയുന്നു. അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അത്. ആര്‍എസ്എസ് - ബിജെപി സംഘം കൊലക്കത്തി താഴെവെച്ചിട്ടില്ലെന്ന് തെളിഞ്ഞു. എന്നാല്‍ ഇത്തരം പ്രവൃത്തികൊണ്ട് സിപിഎമ്മിനെ വിരട്ടാമെന്ന് കരുതരുത്. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചാണ് പാര്‍ട്ടി വളര്‍ന്നത്. ഇതിനെയും അതിജീവിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ട്, കോടിയേരി പറഞ്ഞു.
കൊലപാതക സംഘങ്ങളുടെ പ്രകോപനത്തില്‍ വീഴാതെ സംയമനം പാലിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടന്നുവരികയാണ്. ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനമാണ്. അതെല്ലാം കണക്കിലെടുത്തായിരിക്കാം കൊലപാതകത്തിന് ഇന്നേ ദിവസം തീരുമാനിച്ചത്. തലശ്ശേരിയിലെ ഒരു കൗണ്‍സിലറുടെ പ്രസംഗത്തില്‍ പ്രദേശത്ത് രണ്ട് പേരെ കൊലപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ഗൂഡാലോചനയുടെ തെളിവാണ്, കോടിയേരി പറഞ്ഞു.
Content Highlights: Kodiyeri Balakrishnan on Thalassery Haridas murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..