തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പ്രതിപക്ഷം അംഗീകരിക്കാത്തത് റിപ്പോര്‍ട്ട് അവര്‍ക്ക് അനുകൂലമാവാത്തത് കൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സോളാര്‍ കമ്മീഷനെ നിയോഗിച്ചത് യു.ഡി.എഫ് ആണ്. എന്നാല്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അവര്‍ അംഗീകരിക്കുന്നുമില്ല. ഇത് ശരിയായ നിലപാടല്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. 

റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ദേശീയ തലത്തില്‍ തന്നെ അവമതിപ്പുണ്ടാക്കുന്നതാണ്. രാജ്യത്തിന് മുന്നില്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനത്തെ അപമാനിക്കുകയാണ് യു.ഡി.എഫ് നേതാക്കന്‍മാര്‍. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയമായും നിയമപരമായും ധാര്‍മികമായും ദൂരവ്യാപകമായ ഫലം സൃഷ്ടിക്കാന്‍ പോവുകയാണ്. 

ഉമ്മന്‍ചാണ്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ തനി നിറമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ പ്രതികളാവാന്‍ പോവുന്നവരെ യു.ഡി.എഫ് രക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ കളങ്കിതരമായി കമ്മീഷന്‍ കണ്ടെത്തിയ വ്യക്തികളില്‍ എ.ഐ.സി.സിയുടെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, എം.പിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നത് കൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണണെന്നും കോടിയേരി ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഇതില്‍ അവരുടെ നിലപാട് എന്താണെന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ട് വളരെ ഗൗരവമാണെന്ന് വിലയിരുത്തിക്കൊണ്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇതിലും കോണ്‍ഗ്രസിന്റെ നിലപാട് അറിയിക്കണം. രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ബാലിശമാണെന്നും കോടിയേരി പറഞ്ഞു.