തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തി എന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കോടതി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചുവെന്നാണ് ജയിൽ മോചിതനായതിന് പിന്നാലെ സന്ദീപ് നായർ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണ്ണക്കടത്തിനെക്കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാം എന്ന ഓഫറായിരുന്നു ഇഡി നൽകിയതെന്ന് സന്ദീപ് നായർ വെളിപ്പെടുത്തിയിരുന്നു. മുൻ മന്ത്രി കെ.ടി ജലീൽ, അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും മൊഴി നൽകാൻ നിർബന്ധിച്ചുവെന്നും സന്ദീപ് നായർ പറഞ്ഞു. 

സന്ദീപ് നായർ പറഞ്ഞ കാര്യങ്ങൾ നേരത്തെ തന്നെ പുറത്തു വന്നതാണ്. കേസിൽ ഗൂഢാലോചനയുണ്ട് എന്ന് സിപിഎം നിലപാട് ശരിവെക്കുന്നതാണ് ഈ വെളിപ്പെടുത്തലുകളെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

ബിനീഷ് കോടിയേരിക്കെതിരേ മൊഴി നല്‍കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടുവെന്നും തന്നില്‍ നിന്ന് ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടതായും സന്ദീപ് നായര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയതെന്നും സന്ദീപ് നായർ വെളിപ്പെടുത്തി.