തിരുവനന്തപുരം: ശബരിമല നടയടിച്ച തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണ്. ശബരിമലയില്‍ യുവതീപ്രവേശനം നടന്നുകഴിഞ്ഞു. അതൊരു യാഥാര്‍ഥ്യമായി അംഗീകരിക്കാന്‍ കഴിയണമെന്നും കോടിയേരി വ്യക്തമാക്കി. 

പലഘട്ടങ്ങളിലും സ്ത്രീകള്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. സായുധ പോലീസിനെ ഉപയോഗിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു ഘട്ടത്തിലും ഉണ്ടായില്ല. ഇപ്പോള്‍ രണ്ട് സ്ത്രീകള്‍ ദര്‍ശനം നടത്തിയിരിക്കയാണ്. അത് യാഥാര്‍ഥ്യമായി അംഗീകരിക്കണം. സ്ത്രീകള്‍ വരട്ടെ എന്ന് തീരുമാനിക്കയാണ് വേണ്ടത്.

ഇത്തരത്തില്‍ പ്രകോപനമായ നിലപാട് തന്ത്രി സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തിന്റെ പേരിലാണ് ഈ നടപടി എന്ന് സുപ്രീം കോടതി പരിശോധിക്കണം. ഉപസമിതിയും ഈ വിഷയത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തണം. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം തന്ത്രി നടത്തണം. ഏതെങ്കിലും ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ഉത്തരവാദിത്യം പൂര്‍ണമായും തന്ത്രിക്കാണ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണം. പരിഹാരക്രിയയുടെ ആവിശ്യമൊന്നും ഇവിടെ ഇല്ല. ആചാരങ്ങള്‍ ഭരണഘടനയ്ക്ക് താഴെയാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. 

സ്ത്രീകളെ കയറ്റണം എന്ന നിര്‍ബന്ധം സി.പി.എമ്മിന് ഇല്ലായിരുന്നു. അതിന് ആഗ്രഹിച്ച് സ്ത്രീകള്‍ എത്തിയാല്‍ അതിന് അവസരമുണ്ടാവണം എന്നായിരുന്നു പാര്‍ട്ടി നിലപാട്. അതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമിച്ചത്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടും. വനിതാ മതിലും സ്ത്രീകള്‍ കയറിയതും തമ്മില്‍ ഒരു ബന്ധവുമില്ല. ബി.ജെ.പിയുടെ പരിഹാസ്യ സമരം അവസാനിപ്പിക്കണം.

content highlights: Kodiyeri Balakrishnan on sabarimala women entry