Kodiyeri Balakrishnan | Photo: Mathrubhumi/Latheesh Poovathur
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എസ്എഫ്ഐ നേതാവ് കെ.ആര്. അവിഷിത്തിനെ ഒഴിവാക്കിയത് അക്രമത്തിന് ശേഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അവിഷിത്ത് കുറച്ചായി ഓഫീസില്‍ വരാറില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ പങ്കാളിയാണെന്ന് ആക്ഷേപം ഉണ്ടായതിനേത്തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി. ആക്ഷേപം ഉണ്ടായ ശേഷമാണ് ഒഴിവാക്കിയതെന്നും നേരത്തെതന്നെ മാറ്റി നിര്‍ത്തിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് പിന്നാലെ യുഡിഎഫ് നാട്ടിലുടനീളം അക്രമം അഴിച്ചുവിടുന്നുവെന്ന് കോടിയേരി പറഞ്ഞു. ഇന്നലെ വയനാട്ടില്‍ ദേശാഭിമാനി ഓഫീസ് അടിച്ചുതകര്‍ത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റേയും നേതൃത്വത്തില്‍ 50 ഓളം വരുന്ന ആളുകളാണ് ആക്രമണം നടത്തിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം അത്യന്തം അപലപനീയമാണെന്നും ഒരുകാരണവശാലും നടക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഏതെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും ഇത്തരമൊരു സംഭവത്തിലേക്ക് എത്താന്‍ പാടില്ല. അത് ജനങ്ങളില്‍നിന്ന് നമ്മളെ ഒറ്റപ്പെടുത്തും. സംഭവത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു, മുഖ്യമന്ത്രി അപലപിച്ചു. വയനാട് ജില്ലാകമ്മറ്റിയോട് ഇതുമായി ബന്ധപ്പെട്ട വിശദമായ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ എല്ലാവരും അപലപിക്കുമ്പോള്‍, മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ച് ആക്രമിച്ചതിനെ തള്ളിപ്പറയാന്‍ യുഡിഎഫ് ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ രണ്ടു സമീപനമാണ് അവര്‍ക്കുള്ളത്. ജാമ്യം കിട്ടിയവരെ മാലയിട്ട് സ്വീകരിച്ചു. ഉന്നത ഘടകങ്ങളുടെ നിര്‍ദേശ പ്രകാരമാണ് ചെയ്തതെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്ഐക്കാര്‍ അവിടെ കയറുമ്പോള്‍ അവിടെ ഗാന്ധിയുടെ ഫോട്ടോയുണ്ടെന്നും കുറച്ചുകഴിഞ്ഞാണ് അത് കാണാതാകുന്നതെന്നും കോടിയേരി പറഞ്ഞു. ആരാണ് അത് ചെയ്തതെന്ന് പോലീസ് കണ്ടെത്തണം. സാധാരണ രീതിയില്‍ എസ്എഫ്ഐ നടത്തുന്ന ഒരു സമരരീതിയല്ല അവിടെ സ്ഥീകരിച്ചത്. സ്വതന്ത്ര സംഘടനയാണ് എസ്എഫ്ഐ. അവര്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..