കോഴിക്കോട്: മാവോയിസ്റ്റുകളെ വര്‍ഗശത്രുവായി സി.പി.എം. വിലയിരുത്തുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍, അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളില്‍ താവളമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകള്‍ 'തോക്കിന്‍ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്. ദേശാഭിമാനി ദിനപത്രത്തില്‍ ''മാവോയിസ്റ്റ് വഴി തെറ്റ്'' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. 

ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയില്‍  വിവിധ പ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ മാവോവാദികള്‍ നീങ്ങിയിരുന്നു. എന്നാല്‍, അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള താവളമാക്കാന്‍ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജന്‍ഡയാണ് വെളിവാകുന്നത്- കോടിയേരി ആരോപിച്ചു. 

മാവോവാദികളോടുള്ള സി.പി.എമ്മിന്റെ സമീപനം എന്ത്, മാവോവാദികളെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന സര്‍ക്കാരിനുണ്ടോ, അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നോ, യുഎപിഎയുടെ കാര്യത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും രണ്ടു തട്ടിലാണോ തുടങ്ങിയ വിഷയങ്ങളാണ് ലേഖനത്തില്‍ കോടിയേരി പരാമര്‍ശിക്കുന്നത്. 

ഇന്ത്യയില്‍ ഇടതുപക്ഷ ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കരുതെന്ന ലാക്കോടെ ജനമനസ്സുകളെ തിരിക്കാനാണ് നോട്ടം. അതിന് കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും സാര്‍വദേശീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ മാവോവാദികള്‍ക്ക് കിട്ടുന്നുണ്ടെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കുള്ള തറയൊരുക്കം തകര്‍ക്കാനുള്ള നിയമപരമായ  ക്രമസമാധാനപരിപാലന ചുമതല നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം കേരള പൊലീസിനുണ്ട്. തോക്കും മറ്റ് ആയുധങ്ങളുമായി  സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിലെ കാടുകളിലും മറ്റും തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നതല്ല കേരള പൊലീസിന്റെ നയം. തോക്കേന്തി ഇവിടെ എത്തിയിട്ടുള്ള മാവോയിസ്റ്റുകള്‍ യഥാര്‍ഥ വിപ്ലവകാരികളാണെന്ന കാഴ്ചപ്പാട് സി.പി.എമ്മിന് ഇല്ല. ഇക്കൂട്ടര്‍ അരാജകവാദികളും യഥാര്‍ഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കാനുള്ള ശത്രുവര്‍ഗത്തിന്റെ കൈയിലെ കോടാലികളുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അതായത് ആയുധമേന്തിയവരാണെങ്കില്‍ പോലും അവരെയെല്ലാം പൊലീസിനെയോ, സൈന്യത്തിനെയോ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുകയെന്ന നയം എല്‍.ഡി.എഫിനോ, സി.പി.എമ്മിനോ ഇല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

content highlights: kodiyeri balakrishnan on maoism, uapa and attappadi maoist encounter