തിരുവനന്തപുരം: ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇത് കേരളത്തില്‍ വിലപ്പോകില്ല. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍.എസ്.എസിന്റെ നീക്കമെന്നും ഇതിനെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

ആര്‍.എസ്.എസ്. സമൂഹത്തെയാകെ മതപരമായി ചേരിതിരിക്കുന്ന പ്രചരണങ്ങള്‍ എപ്പോഴും നടത്താറുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ അത് ഭീകരമാണെങ്കിലും കേരളത്തില്‍ അത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോള്‍ സംസ്ഥാന നേതൃത്വം അതിനെ തള്ളിക്കളഞ്ഞതായി കാണുന്നുണ്ട്. 

ഇത്തരം നിലപാടുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹത്തിലുള്ള മതമൈത്രി തന്നെ തകര്‍ക്കുന്ന നിലയിലേക്ക് അത് എത്തിച്ചേരും. മറ്റുപല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സ്ഥിതി ഉണ്ടെങ്കിലും കേരളം അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നില്‍ക്കുന്ന സംസ്ഥാനമാണ്. ഇത് തകര്‍ക്കാനുള്ള നീക്കത്തെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Content Highlights: Kodiyeri Balakrishnan on Halal row in Kerala