കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെ വ്യക്തിഹത്യ നടത്തി അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് മുസ്‌ലിം ലീഗ് നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

മന്ത്രി കെ ടി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു.

രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇടപെടാന്‍ സാധിക്കൂവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനം മാത്രമാണ് ജലീല്‍ നടത്തിയത്. അത് ഒരുവര്‍ഷത്തേക്കുള്ള നിയമനം മാത്രമാണ്.സ്ഥിരം നിയമനമല്ല. അതില്‍ മറ്റ് അപാകമൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു.
 
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സ്വീകരിക്കുന്ന രീതി മുസ്‌ലിം ലീഗ് പുനഃപരിശോധിക്കണമെന്ന് കെ എം ഷാജിയുടെ അയോഗ്യതാ വിഷയത്തില്‍ കോടിയേരി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ലീഗ് നടത്തുന്ന പ്രചരണത്തിന്റെ ഒരു സാമ്പിളാണ് അഴീക്കോടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

content highlights: Kodiyeri balakrishnan on allegations against minister K T Jaleel