സ്വാതന്ത്ര്യസമരമെന്നത് ഒറ്റയടിപ്പാതയല്ല. വ്യക്തിപരമായ സത്യാഗ്രഹം നടന്നിട്ടുണ്ട്. ഉപ്പുസത്യാഗ്രഹം നടന്നിട്ടുണ്ട്. ആയുധമെടുത്ത് പോരാടിയിട്ടുണ്ട്. അങ്ങനെ പലരീതിയില്‍ പ്രക്ഷോഭം നടന്നതുകൊണ്ടാണ് സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ടത്. നാനാസംഭവങ്ങള്‍ ചേര്‍ന്നുവന്ന ഒരുകൂട്ടത്തില്‍ മലബാര്‍ കലാപത്തെ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.  മാതൃഭൂമി ന്യൂസ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ആര്‍. ശ്രീജിത്ത് കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന്റെ നാലാം ഭാഗം.

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് വാരിയം കുന്ന് അഹമ്മദ് ഹാജിയുള്‍പ്പെടെ 300 പേരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഐസിഎച്ച്ആര്‍ ഒഴിവാക്കിയിരിക്കുകയാണ്. ഈ സമീപനത്തെ പാര്‍ട്ടി എങ്ങനെയാണ് കാണുന്നത്?

ഐസിഎച്ച്ആറിന്റെത് ആര്‍എസ്എസ് നിലപാടാണ്. ആര്‍എസ്എസ് രൂപീകരിച്ച കാലം മുതല്‍ മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായോ കര്‍ഷക കലാപമായോ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമായോ അംഗീകരിച്ചിട്ടില്ല. മാത്രല്ല ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നതിന് എതിരായിരുന്നു, ആര്‍എസ്എസ് ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായിരുന്നു. 

ബ്രിട്ടീഷ് അനൂകൂല നിലപാട് സ്വീകരിച്ച ആര്‍എസ്എസ് ബ്രിട്ടീഷ് വിരുദ്ധമായ ഒന്നിനെയും അംഗീകരിക്കില്ല. അതാണ് ഇപ്പോഴവരുടെ നിലപാടില്‍ കൂടി പുറത്തുവന്നിരിക്കുന്നത്. 1921 നടന്ന ലഹള ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കാര്‍ഷിക കലാപമായിരുന്നു. ചിലര്‍ മസബാര്‍ കലാപം എന്നു വിളിച്ചു. ഹിന്ദുത്വ വര്‍ഗീയവാദികളും ബ്രിട്ടീഷുകാരുമാണ് മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ചത്. ആ വിശേഷണം ബ്രിട്ടീഷുകാരുടെതാണ്. സ്വാതന്ത്ര്യസമരമല്ല എന്ന് പറഞ്ഞതും ബ്രിട്ടീഷുകാരാണ്. അവരുടെ പല്ലവി ഏറ്റുപറയുകയാണ് ഇപ്പോള്‍ ആര്‍എസ്എസും ഐസിഎച്ച്ആറും ചെയ്യുന്നത്. 

സ്വാതന്ത്ര്യസമരമെന്നത് ഒറ്റയടിപ്പാതയല്ല. വ്യക്തിപരമായ സത്യാഗ്രഹം നടന്നിട്ടുണ്ട്. ഉപ്പുസത്യാഗ്രഹം നടന്നിട്ടുണ്ട്. ആയുധമെടുത്ത് പോരാടിയിട്ടുണ്ട്. അങ്ങനെ പലരീതിയില്‍ പ്രക്ഷോഭം നടന്നതുകൊണ്ടാണ് സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ടത്. പ്രത്യേകിച്ച് രണ്ടാം ലോകയുദ്ധത്തിന് ശേഷം സ്ഥിതിഗതികളില്‍ മാറ്റം വന്നു. സോവിയറ്റ് യൂണിയന്‍ വലിയ ശക്തിയായി മാറി. അതോടെ ലോകത്തെമ്പാടും അത്തം പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടു. അതിന് ശേഷമാണ് ഇന്ത്യയിലും സ്വാതന്ത്ര്യ പ്രക്ഷോഭം ബഹുജന കലാപമായി മാറുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടേണ്ടി വന്നത് ഈയൊരു ലോകപശ്ചാത്തലത്തില്‍ കൂടിയാണ്. അങ്ങനെയുള്ള നാനാസംഭവങ്ങള്‍ ചേര്‍ന്നുവന്ന ഒരുകൂട്ടത്തില്‍ മലബാര്‍ കലാപത്തെ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കില്ല. ചോരചിന്തിക്കൊണ്ട് നടന്ന സമരമാണത്. ജന്മിമാര്‍ നടത്തിയ ചൂഷണങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരമമതിലുണ്ട്. പക്ഷെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അതില്‍ ചിലര്‍ വര്‍ഗിയമായ വഴിത്തിരിവിന് ശ്രമിച്ചിട്ടുണ്ട്. പക്ഷെ വാരിയംകുന്നത്തും മറ്റും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ്. മതരാഷ്ട്രമെന്ന മുദ്രാവാക്യം വാരിയംകുന്നത് മുന്നോട്ടുവെച്ചിട്ടില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും ചേരുന്ന മതമൈത്രിയുടെ സന്ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. 

ഈ സാഹചര്യത്തില്‍ അതുപോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കാന്‍ നടത്തുന്ന ശ്രമം അത്യന്തം ആപല്‍കരമായ സ്ഥിതി സൃഷ്ഠിക്കും. അതില്‍ നിന്ന് ആര്‍എസ്എസ് പിന്തിരിയണം. ചരിത്രം പഠിച്ച് നിലപാട് സ്വീകരിക്കുന്നതിന് പകരം ആര്‍എസ്എസ് നിലപാട് ചരിത്രമാക്കി മാറ്റാന്‍ ശ്രമിക്കരുത്. 

കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനയോട് എന്താണ് പ്രതികരിക്കാനുള്ളത്?

മുഖ്യമന്ത്രിയെ എന്തും പറയാം എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍. അവര്‍ക്ക് എന്ത് പറ്റിയെന്ന് അവര്‍തന്നെ ആലോചിക്കണം. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റും എംപിയുമായിട്ടുള്ള ഒരാളാണ് ഇത്തരമൊരു നിലപാട് എടുത്തത്. അദ്ദേഹമിരിക്കുന്ന സ്ഥാനത്തോട് നീതി പുലര്‍ത്തേണ്ടെ. അദ്ദേഹം പറയുന്നതുപോലെ കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബാംഗങ്ങളെ ചുറ്റിപ്പറ്റി ഞങ്ങളും പറയാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥ. ഞങ്ങളങ്ങനെ ചെയ്യാറില്ല. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപഹസിക്കുക, അധിക്ഷേപിക്കുക എന്നത് അവരുടെ പ്രചരണ തന്ത്രമാക്കി മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ജനപ്രീതി വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. എല്ലാ ജനവിഭാഗങ്ങളും പിണറായി വിജയന് വ്യക്തപരമായി അംഗീകാരം വന്നിട്ടുണ്ട്. എസ് സി- എസ്ടി വിഭാഗങ്ങള്‍ ഏറ്റവുമധികം എല്‍ഡിഎഫിന് വോട്ടുചെയ്ത തിരഞ്ഞെടുപ്പും ഇത്തവണത്തേതാണ്. പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നിരിക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷൊന്നും പറഞ്ഞാല്‍ ആരുമിവിടെ കേള്‍ക്കാനില്ല. അതിലുള്ള അസഹിഷ്ണുതയാണ് നാട്ടിലാകെ മുഖ്യമന്ത്രിക്കെതിരായ പ്രചരണം നടത്തുന്നത്. സിപിഎമ്മിന്റെ ആളുകളും അവര്‍ക്ക് തോന്നിയ രീതിയില്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് അവരിങ്ങനെ പെരുമാറുന്നത്. 

ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയും ഇത്തരമൊരു കാര്യം ഞങ്ങള്‍ പറയാനെ ഉദ്ദേശിക്കുന്നില്ല. കഴിയാത്തതുകൊണ്ടല്ല. പക്ഷെ കോണ്‍ഗ്രസ് മാന്യത കൈവിടുന്നുവെന്നാണ് കാണിക്കുന്നത്. സോണിയ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും അംഗീകരിക്കുന്നതാണോ ഈ പ്രസ്താവന. കെപിസിസി പ്രസിഡന്റ് ഈ പ്രസതാവന അംഗീകരിക്കുന്നുണ്ടോ? ഇത്തരത്തിലാണ് രാഷ്ട്രീയനേതാക്കന്മാര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും. ഇത് അല്‍പത്വമാണ്. അവര്‍ക്ക് അസഹിഷ്ണുത വര്‍ധിച്ച് വരികയാണ്. അധികാരം ഇനിയും അഞ്ചുകൊല്ലം ഇല്ലായെന്നോര്‍ക്കുമ്പോള്‍ അവര്‍ക്ക് വല്ലാതെ വിമ്മിഷ്ടം തോന്നുകയാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാത്ത അവസ്ഥ കോണ്‍ഗ്രസിന് ഒരിക്കലുമുണ്ടായിട്ടില്ല. അതിന്റേതായ വെപ്രാളപ്രകടനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങളത് പുഛിച്ച് തള്ളുകയാണ്. പക്ഷെ ജനങ്ങള്‍ ഇതൊക്കെ അതീവ ഗൗരവത്തില്‍ കാണും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണം. 

മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരുകേസിലും പേരില്ലാതിരുന്നിട്ടും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാത്തതില്‍ ഒരു രാഷ്ട്രീയമുണ്ടെന്ന് കരുതുന്നുണ്ടോ? ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ ഉള്ളതായി കരുതുന്നുണ്ടോ?

കോടതിയിലിരിക്കുന്ന വിഷയമായതുകൊണ്ട് ഇപ്പോള്‍ ഞാന്‍ അതില്‍ പ്രതികരിക്കുന്നത് ഗുണമായിരിക്കില്ല. ആദ്യം പറഞ്ഞത് മയക്കുമരുന്ന് കേസില്‍ പെട്ടിരിക്കുന്നുവെന്നാണ്. എന്‍സിബി ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയാണെന്നാണ് പ്രചരിപ്പിച്ചത്. പക്ഷെ അവര് കുറ്റപത്രം കൊടുത്തുകഴിഞ്ഞു. അതില്‍ ഒരിടത്തും ബിനീഷിന്റെ പേരില്ല. മാത്രമല്ല അവിടെ വേറെ കുറെ ക്രൈമുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. അതില്‍ ഒരുകേസില്‍ പോലും ബിനീഷിന്റെ പരാമര്‍ശമില്ല. അപ്പോള്‍ അനാവശ്യമായി ആ സന്ദര്‍ഭത്തില്‍ ബിനീഷിന്റെ പേരില്‍ ഒരു പ്രചാരവേല സംഘടിപ്പിച്ചു. പുകമറ സൃഷ്ടിച്ചു. മയക്കുമരുന്ന് കേസാകുമ്പോള്‍ സ്വാഭാവികമായും ഒരു ബുദ്ധിമുട്ട് ഉണ്ടാകും. ശരിക്കും അന്ന് ഇതൊക്കെ കണ്ട് ആകെ എല്ലാവരും ഭ്രമിച്ചുപോയി. എന്‍സിബി ചോദ്യം ചെയ്യുകയും അന്വേഷിക്കുകയും ചെയ്തതിന് ശേഷമാണ് കുറ്റപത്രം നല്‍കിയത്. അതില്‍ ബിനീഷിന്റെ പേരില്ല. ഇപ്പോള്‍ പിഎംഎല്‍ കേസില്‍ മാത്രമാണ് പേരുള്ളത്. അതില്‍ വാദം നീണ്ടുപോകുകയാണ്. കോടതിയിലുള്ള ഒരു കാര്യമായതിനാല്‍ അവിടെ നിന്ന് തീരുമാനം വരട്ടെ. മറിച്ചൊരു അഭിപ്രായം പറയുന്നത് ഉചിതമായിരിക്കില്ല.

Content Highlights: Kodiyeri Balakrishnan Interview Part 4 malabar rebellion