കോടിയേരി ബാലകൃഷ്ണൻ | Photo - Ridhin Damu
തിരുവനന്തപുരം: രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും കൊലപാതകികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്ത് അക്രമം വേണമെങ്കിലും നടത്തിക്കൊള്ളൂ ഞങ്ങള്‍ നിങ്ങളെ നോക്കിക്കൊള്ളാമെന്ന് അക്രമകാരികള്‍ക്ക് പരസ്യ പിന്തുണയാണ് യുഡിഎഫ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടുഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അക്രമം നടത്തിയവരെ തള്ളിപ്പറയാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. കോണ്‍ഗ്രസിന്റെ നിലപാട് അത്യധികം അപലപനീയമാണ്. മഹാത്മാഗാന്ധിയുടെ ഫോട്ടോയുടെ മുന്നില്‍ വെച്ചാണ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത്. ഇന്നത്തെ കോണ്‍ഗ്രസ് ചെന്നുപെട്ട അപചയത്തിന്റെ തെളിവാണ് വെഞ്ഞാറടമ്മൂട് കൊലപാതകമെന്നും കോടിയേരി പറഞ്ഞു.
കായംകുളത്ത് സിയാദ് എന്ന സിപിഎം പ്രവര്‍ത്തകനെ കോണ്‍ഗ്രസ് വെട്ടിക്കൊന്നു. ഒരു മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കമുളള കോണ്‍ഗ്രസുകാര്‍ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. ഇത്തരത്തില്‍ കൊലപാതക പരമ്പരകളും അക്രമവും കലാപവും സംഘടിപ്പിച്ച് കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപൂര്‍വമായ പ്രതിഷേധവുമായി സിപിഎം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അക്രമങ്ങള്‍ മുന്‍കാലത്തേക്കാള്‍ കുറവാണ്. അത് സര്‍ക്കാരിന്റെ ക്രമസമാധാന പരിപാലനത്തിന് ലഭിച്ച അംഗീകാരമാണ്. ആ അംഗീകാരത്തെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രിതമായി ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വെഞ്ഞാറമ്മൂട് സംഭവമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 23ന് അഴീക്കോടന്‍ രക്തസാക്ഷി ദിനത്തില്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടിയായി ബഹുജനകൂട്ടായ്മ നടത്തണമെന്ന പാര്‍ട്ടിയുടെ ആഹ്വാനവും അദ്ദേഹം അറിയിച്ചു.
Content Highlights:Kodiyeri Balakrishnan criticises Congress on Venjaramoodu murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..