തിരുവനന്തപുരം: ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റ്‌വത്കരണനയം ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എല്ലാ മേഖലകളും ബഹുരാഷ്ട്ര കുത്തകകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും തുറന്നിട്ടു കൊടുക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ധാതുസമ്പത്തുകള്‍ പോലും സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങളും റെയില്‍വേയും എല്ലാം സ്വകാര്യമേഖലയെ ഏല്‍പിക്കുകയെന്ന നയത്തിലാണ് കേന്ദ്രം എത്തിയിരിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് 19ന്റെ മറവില്‍ ശക്തമായ കോര്‍പറേറ്റ്‌വത്കരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വളരെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍(എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ്)സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് നടപ്പാക്കപ്പെടുകയാണെങ്കില്‍, നമ്മുടെ രാജ്യത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പാരിസ്ഥിതിക അനുമതി വേണ്ടാതെ വരും.
ഓരോ നിര്‍മാണ പ്രവര്‍ത്തനത്തിനും പരിസ്ഥിതി ആഘാതം എത്രത്തോളം ഉണ്ടെന്ന് ഇനി പരിശോധിക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പാരിസ്ഥിതികാഘാതം ഉണ്ടോയെന്ന് ഇനി പരിശോധിക്കേണ്ടതില്ല എന്ന സമീപനം കേന്ദ്രം കൈക്കൊണ്ടിരിക്കുകയാണ്.
ഇതോടൊപ്പം തന്നെ, ആദിവാസി മേഖലകളില്‍ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍, ആദിവാസി ജനസമൂഹം അധിവസിക്കുന്ന എസ്.ടി. പഞ്ചായത്തുകളുടെ അനുമതി വാങ്ങണം എന്ന നിബന്ധന എടുത്തുകളഞ്ഞിരിക്കുകയാണ്. വനമേഖലയില്‍ ഉള്‍പ്പെടെ ഏതു സംരംഭവും ആരംഭിക്കുമ്പോള്‍ പാരിസ്ഥിതിക പഠനം ആവശ്യമില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവ് വലിയതോതില്‍ പരിസ്ഥിതി സംരക്ഷണത്തിന് കോട്ടമുണ്ടാക്കുന്നതാണ്.
കേന്ദ്രത്തിന്റെ ഈ ഉത്തരവ് തിരുത്തണം. അതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. കേരളത്തിന്റെ വ്യത്യസ്ത അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം എന്നുള്ളതാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ എല്ലാ മേഖലയിലും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന നയങ്ങള്‍, രാജ്യത്തെ വന്‍കിട കുത്തകകള്‍ക്ക് യഥേഷ്ടം ധനമൂലധനത്തിന് രാജ്യം മുഴുവന്‍ വിഹരിക്കാനുള്ള അനുമതി നല്‍കുക എന്ന ലക്ഷ്യമാണുള്ളത്. അതിന്റെ ഭാഗമായി ഇന്ത്യയിലെ വന്‍കിട കുത്തക മുതലാളിമാരും കോര്‍പറേറ്റ് ശക്തികളും ചേര്‍ന്നുകൊണ്ടുള്ള ഭരണമാണ് ഇന്ന് കേന്ദ്രത്തില്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
content highlights: kodiyeri balakrishnan criticises central government