ഓര്‍മകളില്‍നിറഞ്ഞ് പ്രിയനേതാവ്


എം.വി. ശ്രേയാംസ് കുമാര്‍

2006 മുതല്‍ 2016 വരെ നിയമസഭാംഗമായി പ്രവര്‍ത്തിച്ചപ്പോള്‍ കോടിയേരിയെന്ന മികച്ച പാര്‍ലമെന്റേറിയനെ അദ്ഭുതാദരങ്ങളോടെ ശ്രദ്ധിച്ചിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ ഉപനേതാവായിരുന്നപ്പോഴും സഭയില്‍ അദ്ദേഹത്തിന്റെ സവിശേഷമായ ഇടപെടലുകളെ വിസ്മയത്തോടെയേ കാണാനാവുമായിരുന്നുള്ളൂ. കുറിക്കുകൊള്ളുന്ന നര്‍മവും എന്നാല്‍, സ്വന്തം രാഷ്ട്രീയനയത്തിനനുസരിച്ച് വ്യാഖ്യാനിച്ച് വിജയിപ്പിക്കാനുള്ള സാമര്‍ഥ്യവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

കോടിയേരി ബാലകൃഷ്ണനും എം.വി ശ്രേയാംസ് കുമാറും | Photo - Mathrubhumi archives

നന്നേ ചെറുപ്പത്തില്‍ത്തന്നെ എനിക്ക് അടുത്തുബന്ധപ്പെടാന്‍ കഴിഞ്ഞ നേതാവായിരുന്നു കോടിയേരി. എന്റെ പിതാവായ എം.പി. വീരേന്ദ്രകുമാറിന് ഏറ്റവും പ്രിയങ്കരനായിരുന്നു അദ്ദേഹം; സഹോദരതുല്യമായ ബന്ധം. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള അച്ഛനെ കാണാന്‍ പോകുമ്പോള്‍ അമ്മ എന്നെയും കൂട്ടുമായിരുന്നു. പിണറായിയും കോടിയേരിയുമെല്ലാം അച്ഛനോടൊപ്പം അവിടെ തടവിലുണ്ടായിരുന്നു. ജയിലില്‍ പ്രശ്‌നമൊന്നുമില്ല, വായനയും ചര്‍ച്ചയും തമാശയുമൊക്കെയായി രസകരമായി പോകുന്നുവെന്ന് ഞങ്ങളെ സമാശ്വസിപ്പിച്ചുകൊണ്ട് അച്ഛന്‍ പറയുമായിരുന്നു. ആ സംസാരത്തില്‍നിന്നാണ് കോടിയേരിയെക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. സഹതടവുകാരില്‍ അച്ഛന് ഏറ്റവും അടുപ്പമുണ്ടായിരുന്നത് കോടിയേരിയോടായിരുന്നു. ആ ബന്ധം, രാഷ്ട്രീയമായി ചെറിയ അകല്‍ച്ചയുണ്ടായ ഘട്ടത്തില്‍പ്പോലും മുറിയാതെ നിന്നു, മരണംവരെ. 1987-ല്‍ അച്ഛന്‍ കല്പറ്റയില്‍നിന്ന് എം.എല്‍.എ.യായപ്പോള്‍ കോടിയേരി തലശ്ശേരിയില്‍നിന്നുള്ള അംഗമായിരുന്നു. അക്കാലത്താണ് ഞാന്‍ കോടിയേരിയുമായി അടുത്ത് പരിചയപ്പെടുന്നത്.

2006 മുതല്‍ 2016 വരെ നിയമസഭാംഗമായി പ്രവര്‍ത്തിച്ചപ്പോള്‍ കോടിയേരിയെന്ന മികച്ച പാര്‍ലമെന്റേറിയനെ അദ്ഭുതാദരങ്ങളോടെ ശ്രദ്ധിച്ചിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ ഉപനേതാവായിരുന്നപ്പോഴും സഭയില്‍ അദ്ദേഹത്തിന്റെ സവിശേഷമായ ഇടപെടലുകളെ വിസ്മയത്തോടെയേ കാണാനാവുമായിരുന്നുള്ളൂ. കുറിക്കുകൊള്ളുന്ന നര്‍മവും എന്നാല്‍, സ്വന്തം രാഷ്ട്രീയനയത്തിനനുസരിച്ച് വ്യാഖ്യാനിച്ച് വിജയിപ്പിക്കാനുള്ള സാമര്‍ഥ്യവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. എന്റെ നിയമസഭാജീവിതത്തിന്റെ ആദ്യത്തെ മൂന്നുവര്‍ഷത്തിനുശേഷമുള്ള ഏഴുവര്‍ഷം യു.ഡി.എഫിനൊപ്പമായിരുന്നു. മുന്നണിയില്‍നിന്ന് വിടേണ്ടിവന്ന ആ പ്രത്യേക സന്ദര്‍ഭത്തിലും വ്യക്തിബന്ധത്തില്‍ പോറല്‍വീണില്ല. പിന്നീട് ഞങ്ങളുടെ പാര്‍ട്ടി വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാകുന്നതിന് കോടിയേരി വലിയ പങ്കുവഹിക്കുകയുണ്ടായി. ആഭ്യന്തരമന്ത്രിയെന്നനിലയില്‍ കോടിയേരി നടപ്പാക്കിയ ജനമൈത്രി പോലീസ് സംവിധാനം ഗ്രാമങ്ങളില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവര്‍ക്ക് സഹായമെത്തിക്കുന്നതിലും സംഘര്‍ഷമില്ലാതാക്കാനും ജനമൈത്രി പോലീസ് പ്രയോജനപ്പെടുന്നു. കോഴിക്കോട്ടുനടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് വൊളന്റിയര്‍മാരാകുന്ന കുട്ടികള്‍ക്ക് പോലീസ് പ്രത്യേക പരിശീലനം നല്‍കി സ്റ്റുഡന്റ് പോലീസ് എന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പാക്കിയത്. ആ സംവിധാനത്തിന്റെ വിജയം 'മാതൃഭൂമി'യടക്കമുള്ള മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സ്റ്റുഡന്റ് പോലീസ് സംവിധാനം നടപ്പാക്കാന്‍ കോടിയേരി തയ്യാറായി. ഇന്ന് സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും സ്റ്റുഡന്റ് പോലീസുണ്ട്. വിദ്യാര്‍ഥികളില്‍ അച്ചടക്കം വളര്‍ത്താനും ദുഷ്പ്രവണതകളിലേക്കുള്ള വ്യതിയാനം തടയാനും ഒരുപരിധിവരെയെങ്കിലും ഇത് സഹായിക്കുന്നു.ഇടതുപക്ഷ ജനാധിപത്യമുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവെന്നനിലയില്‍ ഘടകകക്ഷികളോട് വലുപ്പച്ചെറുപ്പവ്യത്യാസമില്ലാതെയാണ് അദ്ദേഹം പെരുമാറിയത്. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്നതരത്തില്‍ തുറന്ന പ്രകൃതമായിരുന്നു കോടിയേരിയുടെ പ്രത്യേകത. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ ശക്തമായി, അഥവാ അല്പം രൂക്ഷമായിത്തന്നെ പ്രതികരിക്കുമെങ്കിലും പരസ്പരബന്ധത്തെ അത് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടിയിലുള്ളവരുമായും ഊഷ്മളമായ സ്‌നേഹബന്ധമാണ് കോടിയേരിക്കുണ്ടായിരുന്നത്. അസുഖബാധിതനായി ചികിത്സയിലും വിശ്രമത്തിലും കഴിയുമ്പോള്‍ പലതവണ അദ്ദേഹത്തെ കാണുകയുണ്ടായി. തീവ്രമായ വേദനസഹിച്ച് കഴിയുമ്പോഴും കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കാന്‍ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി സജീവമായിത്തന്നെ അദ്ദേഹമുണ്ടായിരുന്നു. കല്പറ്റയില്‍ സ്ഥാനാര്‍ഥിയായിരുന്ന എന്നെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. രാഷ്ട്രീയമായ ഏതുപ്രതിസന്ധിഘട്ടത്തെയും നേരിട്ട് മന്നോട്ടുപോകാനുള്ള തന്ത്രജ്ഞതയും കാര്യങ്ങള്‍ സരസമായും വ്യക്തമായും അവതരിപ്പിക്കുന്ന പ്രസംഗശൈലിയും കോടിയേരിയെ ജനപ്രിയനേതാവാക്കി. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ അദ്ദേഹത്തിന്റെ സേവനം ഇനിയുണ്ടാവില്ലെന്നത് ദുഃഖകരമാണ്. എന്നെ സംബന്ധിച്ച് മുന്നണി നേതാവെന്നതിനുപുറമേ ഏറ്റവും പ്രിയപ്പെട്ട അഭ്യുദയകാംക്ഷിയും ഞങ്ങളുടെ കുടുംബസുഹൃത്തുംകൂടിയായിരുന്നു കോടിയേരി. മുഴുവന്‍ പടവുകളും കയറുന്നതിനുമുമ്പാണ് ആ ജീവിതം അവസാനിച്ചത്.

Content Highlights: Kodiyeri Balakrishnan CPM obituary M.V Shreyams Kumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented