വെല്ലുവിളികള്‍ ഏറ്റെടുത്ത നേതാവ്; ഒരിക്കലും പരിഭവിച്ചില്ല


വെല്ലുവിളികളോടെയാണ് ഓരോ സ്ഥാനവും കോടിയേരിയിലേക്ക് എത്തിയിരുന്നത്. പിണറായിയുടെ പിന്‍ഗാമിയായാണ് കോടിയേരി പാര്‍ട്ടി സെക്രട്ടറിയാവുന്നത്

കോടിയേരി ബാലകൃഷ്ണൻ| Photo: Mathrubhumi

ഈങ്ങയില്‍പീടിക ബ്രാഞ്ച് സെക്രട്ടറിയില്‍നിന്ന് പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമെല്ലാമായി മാറിയ കോടിയേരി പാര്‍ട്ടിയില്‍ ഒരിക്കലും പരിഭവിക്കാത്ത നേതാവാണ്. ഒരുഘട്ടത്തില്‍പോലും അച്ചടക്കത്തിന്റെ അതിരടയാളം പാര്‍ട്ടിക്ക് അദ്ദേഹത്തെ കാട്ടിക്കൊടുക്കേണ്ടിയും വന്നില്ല. പിണറായി വിജയനൊപ്പം നില്‍ക്കുമ്പോഴും വിഭാഗീയതയുടെ മറുചേരിയിലുള്ളവര്‍ക്ക് കോടിയേരിയോട് എതിര്‍പ്പുണ്ടായില്ല. കടുത്ത പക്ഷപാതിയായി മാറാന്‍ അദ്ദേഹവും നിന്നില്ല.

വെല്ലുവിളികളോടെയാണ് ഓരോ സ്ഥാനവും കോടിയേരിയിലേക്ക് എത്തിയിരുന്നത്. 2015-ല്‍ ആലപ്പുഴയില്‍നടന്ന സമ്മേളനത്തിലാണ് പിണറായിയുടെ പിന്‍ഗാമിയായി കോടിയേരി പാര്‍ട്ടി സെക്രട്ടറിയാവുന്നത്. സമ്മേളനനഗരിയില്‍നിന്ന് വി.എസ്. പിണങ്ങിയിറങ്ങുകയും പിന്നീട് അങ്ങോട്ടേക്ക് മടങ്ങാതിരിക്കുകയും ചെയ്ത സമ്മേളനമായിരുന്നു അത്. സെക്രട്ടറിസ്ഥാനം ഒഴിയുന്നതിനുമുമ്പ് പിണറായി നടത്തിയ പത്രസമ്മേളനത്തിലും വി.എസിനെതിരേയുണ്ടായിരുന്ന കടുത്ത വാക്കുകളായിരുന്നു. 'പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് വി.എസ്. തരംതാണിരിക്കുന്നു' എന്നായിരുന്നു ഒരു പരാമര്‍ശം. എന്നാല്‍, പാര്‍ട്ടി നിലപാട് വിശദീകരിക്കുമ്പോഴും ഒരിക്കലും വി.എസിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍ കോടിയേരി ഉപയോഗിച്ചില്ല. വാക്കുകൊണ്ട് വാശിതീര്‍ക്കുന്ന സമീപനമായിരുന്നില്ല അദ്ദേഹത്തിന്റേത്. പിണങ്ങിനില്‍ക്കുന്ന വി.എസ്. കോടിയേരിയുടെ സെക്രട്ടറിസ്ഥാനം മുള്‍ക്കുരിശാക്കുമെന്ന് അന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍, വിഭാഗീയതയെ ഇല്ലാതാക്കി പക്ഷങ്ങളായിനിന്നവര്‍ പാര്‍ട്ടിക്കാര്‍മാത്രമായി ഒന്നാകുന്ന കാഴ്ചയാണ് പിന്നീട് കോടിയേരിക്കുകീഴില്‍ കണ്ടത്.എം.വി. രാഘവന്‍ ഒരുകാലത്ത് പാര്‍ട്ടിയുടെ വികാരമായിരുന്നു. അതേ എം.വി.ആര്‍. പാര്‍ട്ടിക്ക് പുറത്തുപോയപ്പോള്‍ അണികളിലുണ്ടാക്കുന്ന ആഘാതം എങ്ങനെയാവുമെന്നതിനെക്കുറിച്ച് അന്ന് നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു, പ്രത്യേകിച്ച് കണ്ണൂരില്‍. ­വി.എസ്. ആയിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറി. കണ്ണൂരില്‍ കൊഴിഞ്ഞുപോക്കുണ്ടാകാതിരിക്കാന്‍ പാര്‍ട്ടി ദൗത്യം ഏറ്റെടുത്തത് പിണറായിയും കോടിയേരിയുമായിരുന്നു. ഇത് ഗുണം കണ്ടു. പക്ഷേ, എം.വി.ആര്‍. തീര്‍ത്ത വെല്ലുവിളി ചെറുതായിരുന്നില്ല. അദ്ദേഹം യു.ഡി.എഫിന്റെ ഭാഗമായി അഴിക്കോട് മത്സരിച്ചു വിജയിച്ചു. പാര്‍ട്ടികോട്ടയില്‍ ഇ.പി. ജയരാജന്‍ പരാജയപ്പെട്ടു. ഇതിന് പിന്നാലെ കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കാന്‍ ജില്ലാസെക്രട്ടറി സ്ഥാനത്തെത്തിയത് കോടിയേരിയായിരുന്നു. സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ കാലത്ത് കണ്ണൂര്‍. കൂത്തുപറമ്പ് വെടിവെപ്പ്, കെ.വി. സുധീഷിന്റെ കൊലപാതകം അങ്ങനെ ഓരോന്നും കോടിയേരി നേരിട്ടു.

കൈയകലംപോലുമില്ലാതെ അടുപ്പത്തില്‍നിര്‍ത്തുന്ന നേതാവെന്നാണ് കോടിയേരിയെക്കുറിച്ച് ഒരു ഘടകകക്ഷിനേതാവ് പറഞ്ഞു. ഘടകകക്ഷികള്‍ക്ക് മാത്രമല്ല മറുപക്ഷത്തെ നേതാക്കള്‍ക്കും എപ്പോഴും സമീപിക്കാവുന്ന അടുപ്പം കോടിയേരിയുമായുണ്ടായിരുന്നു. കുടുംബത്തില്‍നിന്നുണ്ടായ ചില വിവാദങ്ങളില്‍ കോടിയേരിയെ കുത്തിനോവിക്കാന്‍ ആരും ഇറങ്ങാതിരുന്നത് അത് കോടിയേരി ആയതുകൊണ്ടുമാത്രമാണ്. മുന്നണിയിലെയും പാര്‍ട്ടിയിലെയും പ്രശ്നങ്ങള്‍ക്ക് ഒരു മരുന്നാകാന്‍ അദ്ദേഹത്തിന്റെ സാമീപ്യത്തിന് കഴിഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്ത് സി.­പി.ഐ. പലകാര്യത്തിലും ഇടഞ്ഞു. എതിര്‍പ്പുകള്‍ പരസ്യമായി അവര്‍ പ്രകടിപ്പിച്ചു. കോടിയേരിയാണ് ഇതിന് പരിഹാരമുണ്ടാക്കിയത്. കാനം രാജേന്ദ്രനുമായി ഇടയ്ക്കിടെ ചര്‍ച്ചനടത്തുന്ന ശീലംകൂടി അദ്ദേഹം തുടങ്ങിവെച്ചു.

Content Highlights: Kodiyeri Balakrishnan CPM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented