കരുത്തോടെ വീണ്ടും കോടിയേരിയെത്തുമ്പോൾ


കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

വിവാദങ്ങളുടെ കൊടുങ്കാറ്റടങ്ങുന്നു, കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് കോടിയേരി നിര്‍ണായക പദവിയിലേക്ക് മടങ്ങിയെത്തിരിക്കുന്നത്.

2020 നവംബര്‍ 13നാണ് കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും ഒഴിഞ്ഞത്. പാര്‍ട്ടി സെക്രട്ടറി പദവിയില്‍ തുടര്‍ച്ചയായ ആറ് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് കേവലം മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു കോടിയേരിയുടെ അപ്രതീക്ഷിത പടിയിറക്കം. മകന്‍ ജയിലിലായതിനു പിന്നാലെ നിരവധി വിവാദങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെയായിരുന്നു സ്ഥാനമൊഴിയല്‍. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് പടിയിറക്കം എന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം.

കോടിയേരി ബാലകൃഷ്ണന്‍- വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് സിപിഎം അമരത്തേക്ക്..

വിദ്യാര്‍ഥി ആയിരിക്കെ തന്നെ കോടിയേരി ബാലകൃഷ്ണന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചശേഷം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തി. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്തിയ ശേഷമാണ് സംസ്ഥാന സെക്രട്ടറിപദത്തിലെത്തിയത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി, ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് തവണ തലശ്ശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്.

2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അന്ന് അദ്ദേഹം പ്രതിപക്ഷ ഉപനേതാവും തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എയുമായിരുന്നു.

2018 ഫെബ്രുവരിയില്‍ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും കോടിയേരിയെ തന്നെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തുടര്‍ന്ന് 2020 നവംബര്‍ 13 വരെ അദ്ദേഹം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പാര്‍ട്ടി അവധി അനുവദിച്ചു. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് താത്കാലിക ചുമതല നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഇത്.

സെക്രട്ടറിയുടെ ചുമതല ഇല്ലെങ്കിലും കോടിയേരി പാര്‍ട്ടി സെന്ററിലും സമ്മേളനങ്ങളിലും ചര്‍ച്ചകളിലും സജീവമായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിലും അദ്ദേഹം നിര്‍ണായക ചര്‍ച്ചകളില്‍ പങ്കാളിയായി. ഇപ്പോഴിതാ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി വീണ്ടും പാര്‍ട്ടിയുടെ നായകപദവിയിലേക്ക് തിരിച്ചെത്തുകയാണ്.

കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കരുത്തരായ നേതാക്കളിലൊരാള്‍ എന്ന് വളരെ ചെറുപ്പത്തിലേതന്നെ പേരെടുത്ത പ്രതിഭാശാലിയായ നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ എതിരാളികള്‍ക്കുപോലും പ്രിയങ്കരനായിത്തീര്‍ന്ന സൗഹൃദപൂര്‍ണമായ പെരുമാറ്റം. അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയായിരിക്കെ 16 മാസത്തോളം മിസ തടവുകാരനായി കഴിയേണ്ടിവന്ന രാഷ്ട്രീയപാരമ്പര്യമായിരുന്നു അദ്ദേഹത്തിന്റേത്. എതിര്‍പ്പുകളൊന്നുമില്ലാതെയാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി പാര്‍ട്ടി ഉന്നതിയിലേക്ക് അദ്ദേഹമെത്തിയത്.

സെക്രട്ടറി സ്ഥാനത്തിരിക്കെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമ്പോഴും പകരം ആളെ ചുമതലപ്പെടുത്തേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. മകനുമായി ബന്ധപ്പെട്ട് അതിരൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനിടെ നടന്ന സംസ്ഥാന യോഗത്തില്‍ പോലും കോടിയേരി മാറി നില്‍ക്കേണ്ടതില്ലെന്ന ചര്‍ച്ചയാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ബിനീഷ് കോടിയേരി ജയിലില്‍ പോയതിനു പിന്നാലെ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടു, പാര്‍ട്ടി അനുവദിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ എന്നാണ് പ്രത്യക്ഷകാരണമെങ്കിലും മകനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടി സ്ഥാനമൊഴിയുന്നതിന് പിന്നില്‍ ഇല്ലാതില്ലായിരുന്നു.

മക്കളിലൂടെ വളര്‍ന്ന വിവാദം, ഒടുവില്‍ പടിയിറക്കം

കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവിന്റെ രാഷ്ട്രീയ ഇടപെടലുമായി ബന്ധപ്പെട്ടോ സംഘടനാനേതൃത്വവുമായി ബന്ധപ്പെട്ടോ ആയിരുന്നില്ല കോടിയേരി ബാലകൃഷ്ണനെതിരെ പ്രായോഗിക്കപ്പെട്ട രാഷ്ട്രീയ ആയുധങ്ങള്‍. മന്ത്രിയെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിയിലോ ചീത്തപ്പേരുകള്‍ കേള്‍പ്പിച്ചിരുന്നില്ല. എന്നാല്‍ സി.പി.എം. സംസ്ഥാനസെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് രണ്ടുമക്കളുടെ കാര്യത്തിലാണ് ആക്ഷേപമേല്‍ക്കേണ്ടിയിരുന്നത്.

2018ല്‍ മൂത്ത മകന്‍ ബിനോയ്‌ക്കെതിരെ ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാസ് എന്ന കമ്പനിയാണ് ബിനോയ്‌ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. 2019ല്‍ ബിനോയ് കോടിയേരിക്കെതിരേ പരാതിയുമായി ബിഹാര്‍ സ്വദേശിനയായി യുവതി രംഗത്തെത്തി. ബിനോയ്ക്ക് താനുമായുള്ള ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ബിനോയ് ചെലവിന് നല്‍കുന്നില്ലെന്നും വിവാഹിതനായിരുന്നു എന്ന കാര്യം മറച്ചുവെച്ചുവെന്നും യുവതി മുംബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും യുവതി പുറത്തുവിട്ടു. പിതൃത്വവും ബന്ധവും ഒക്കെ ബിനോയ് നിഷേധിച്ചെങ്കിലും കേസ് ഡി.എന്‍.എ. പരിശോധനയില്‍ അവസാനിച്ചു. 2020ല്‍ ബിനീഷുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത വിവാദം. ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ അന്വേഷണം ബിനീഷിലേക്കെത്തി. വിവാദങ്ങള്‍ ഉയര്‍ന്നു, കോടിയേരി രാഷ്ട്രീയ സമ്മര്‍ദത്തിലായി.

ബെംഗളൂരു മയക്കുമരുന്ന് കേസിന്റെ അന്വേഷണം മകന്‍ ബിനീഷിന്റെ പണമിടപാടിലേക്ക് എത്തിയപ്പോഴും മകനെ തള്ളിക്കൊണ്ടുള്ള നിലപാടാണ് കോടിയേരി സ്വീകരിച്ചിരുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ, ആരും നിയമത്തിന് അതീനല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യക്തിയെന്നനിലയില്‍ ബിനീഷിന്റെ കേസ് പാര്‍ട്ടിയുടെ ബാധ്യതയല്ലെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. അച്ഛനും പാര്‍ട്ടി സെക്രട്ടറിയും ഒന്നല്ലെന്ന് തുറന്നുപറഞ്ഞ്, പ്രതിപക്ഷത്തിന്റെ ആരോപണത്തെയും മാധ്യമങ്ങളുടെ ചോദ്യത്തെയും അദ്ദേഹം നേരിട്ടു. പാര്‍ട്ടി നിലപാടാണ് തനിക്ക് വലുതെന്നു പ്രഖ്യാപിച്ചു.

സാമ്പത്തിക ഇടപാട് കേസില്‍ ഇ.ഡി. ബിനീഷിനെ കസ്റ്റഡിയിലെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തതോടെ അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമായി. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടിയെ സെക്രട്ടറിതന്നെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്നെന്ന നിശ്ശബ്ദ വിമര്‍ശനം ഉയരുന്നുണ്ടെന്ന തോന്നല്‍ കോടിയേരിക്കുണ്ടായിരുന്നു. ഇതിനിടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചതും. ഇതോടെയാണ് മാറിനില്‍ക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചത്.

കരുത്തോടെ വീണ്ടും കോടിയേരി

സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസ്സും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. കോടിയേരിയുടെ മടങ്ങിവരവ് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും പുതിയ ഊര്‍ജം നല്‍കുമെന്നുറപ്പ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022

More from this section
Most Commented