'ചെങ്കോട്ടയിലെ ചെങ്കൊടിയും വിപ്ലവത്തെ തടയാന്‍ മാറ്റിയ തോക്കും' -നര്‍മത്തിലൂന്നിയ പ്രതിരോധം


എസ്.എന്‍. ജയപ്രകാശ്

കോടിയേരി ബാലകൃഷ്ണൻ | Photo: Mathrubhumi

കോടിയേരിയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നര്‍മത്തിന് അതിന്റെ പങ്ക് കിട്ടിയിരുന്നു. പരിഹാസം അദ്ദേഹത്തിന് പ്രതിരോധമായിരുന്നു. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തോക്കുകള്‍ നല്‍കാതിരുന്നതിനെ അദ്ദേഹം പരിഹസിച്ചതിങ്ങനെ: ''വിപ്ലവം വരുന്നത് തോക്കിന്‍കുഴലിലൂടെയാണെന്ന് ഉമ്മന്‍ചാണ്ടി കേട്ടിട്ടുണ്ട്. അപ്പോള്‍ തോക്കില്ലെങ്കില്‍ വിപ്ലവമേ വരില്ല. അതുകൊണ്ട് ഉമ്മന്‍ചാണ്ടി തോക്കുകള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.''

ഡല്‍ഹിയിലെ ചെങ്കോട്ട പരിപാലിക്കാന്‍ ഡാല്‍മിയ ഗ്രൂപ്പിനെ എല്‍പ്പിച്ചതിനെ കോടിയേരി സ്വയം കളിയാക്കിക്കൊണ്ട് ഇങ്ങനെ വ്യാഖ്യാനിച്ചു: ''ചെങ്കോട്ടയിലും ചെങ്കൊടി ഉയര്‍ത്തുമെന്ന പാര്‍ട്ടിയുടെ മുദ്രാവാക്യം ഇതാ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ഡാല്‍മിയ ചെങ്കോട്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വാടകയ്ക്കു കൊടുക്കും. ഒരുദിവസം നമ്മളത് വാടകയ്‌ക്കെടുത്ത് അവിടെ ചെങ്കൊടി പൊക്കിയാല്‍പ്പോരേ?''

തന്റെതന്നെ ഉള്ളില്‍ക്കൊളുത്തുന്ന തമാശകള്‍ പറയുമ്പോള്‍ കോടിയേരിയും ചിരിക്കും. അല്ലാത്തപ്പോള്‍ താന്‍ തമാശ പറയുകയാണെന്ന് നടിക്കുകപോലും ചെയ്യില്ല. ''തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം രണ്ടുദിവസമായി കിടപ്പിലാണ്. തൊലിക്കട്ടിയില്‍ തന്നെ --(ഒരു രാഷ്ട്രീയനേതാവിന്റെ പേര്) തോല്‍പ്പിച്ചതിന്റെ സങ്കടത്തില്‍...'' തുടങ്ങിയ പ്രഹരങ്ങള്‍ പ്രസംഗങ്ങളില്‍ നിനച്ചിരിക്കാതെ വന്നുവീഴും.

നിയമസഭയിലെത്തിയപ്പോള്‍ പുതിയ അംഗമെന്ന നിലയ്ക്ക് ശ്രദ്ധകിട്ടാനാണ് പ്രസംഗത്തില്‍ ഉപമയും നര്‍മവും ചാലിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ അദ്ദേഹത്തിനുതന്നെ ആശയക്കുഴപ്പമായി. തമാശ പറഞ്ഞാല്‍ പാര്‍ട്ടി സെക്രട്ടറിക്ക് നിലവാരമില്ലെന്ന് ആളുകള്‍ കരുതിയാലോ? അങ്ങനെ താന്‍ സീരിയസായി എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

പ്രതിപക്ഷ ഉപനേതാവ് എന്നത് നിയമസഭയില്‍ ഒരലങ്കാരം മാത്രമാണ്. സവിശേഷാധികാരങ്ങളൊന്നും ഇല്ലാത്ത പദവി. കോടിയേരി ബാലകൃഷ്ണന്‍ 2001-ല്‍ ഈ പദവിയില്‍ വരുമ്പോഴാണ് നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവിന് ഒരു മുറി കിട്ടുന്നത്. വിഭാഗീയതയുടെ ഭാഗമായി വി.എസ്. അച്യുതാനന്ദന്‍ സ്വന്തം വഞ്ചി തുഴഞ്ഞപ്പോള്‍ സഭയില്‍ പാര്‍ട്ടിയുടെ ഔദ്യോഗികദൗത്യം കോടിയേരിക്കായിരുന്നു. വി.എസിന് അലോസരമുണ്ടാക്കാതെ, ആദരത്തോടെ അദ്ദേഹത്തെ മെരുക്കിക്കൊണ്ടാണ് ആ ദൗത്യം നിറവേറ്റിയത്.

പ്രാമാണിക ഗ്രന്ഥങ്ങളൊന്നും മനഃപാഠമായിരുന്നില്ലെങ്കിലും കാടുകയറിയ വിജ്ഞാനമില്ലെങ്കിലും അങ്ങേയറ്റം ജാഗ്രതയോടെയാണ് അദ്ദേഹം നിയമസഭാ പ്രവര്‍ത്തനം നടത്തിയിരുന്നത്. സ്വാശ്രയകോളേജ് വിദ്യാര്‍ഥിനി രജനി എസ്. ആനന്ദ് ആത്മഹത്യചെയ്തപ്പോള്‍ കോടിയേരി കൊണ്ടുവന്ന അടിയന്തരപ്രമേയം അപ്പോള്‍ത്തന്നെ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള കൗശലം മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി പ്രയോഗിച്ചു. പ്രതിപക്ഷത്തിന് തയ്യാറെടുപ്പിന് അവസരം നല്‍കാതിരിക്കാനുള്ള തന്ത്രമായിരുന്നു അത്. പക്ഷേ, പറയേണ്ടതെല്ലാം കോടിയേരിയുടെ നോട്ട് ബുക്കിലും മനസ്സിലും ഉണ്ടായിരുന്നതിനാല്‍ സര്‍ക്കാരിന്റെ തന്ത്രം ഫലിക്കാതെപോയി.

കോടിയേരി പ്രതിപക്ഷത്തുണ്ടെങ്കില്‍ അടിയന്തരപ്രമേയങ്ങളില്‍ മഹാഭൂരിപക്ഷവും അദ്ദേഹമാവും അവതരിപ്പിക്കുക. താന്‍ പറയുന്നതെല്ലാം ശരിയാണെന്ന് തോന്നിപ്പിക്കുന്നവിധം സമര്‍ഥമായി അദ്ദേഹം വാദിക്കും. സോളാര്‍, ബാര്‍കോഴ ആരോപണങ്ങള്‍ക്ക് കത്തിക്കാളാന്‍ ഏറെ ഇന്ധനം പകര്‍ന്നത് കോടിയേരിയുടെ വാക്കുകളാണ്.

കോടിയേരിയുടെ ബന്ധുക്കള്‍ക്കെതിരേ പുറത്ത് ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും സഭയില്‍ അവ അവതരിപ്പിക്കാന്‍ പ്രതിപക്ഷം ഏറക്കുറെ മടിച്ചിരുന്നു. അദ്ദേഹത്തോട് അവര്‍ക്കുള്ള ആദരവും കക്ഷിരാഷ്ട്രീയഭേദത്തിനപ്പുറത്തെ സൗഹൃദവുംകൊണ്ടായിരുന്നു അത്. ഒരിക്കല്‍ മകനെതിരായ ആരോപണങ്ങള്‍ സഭയില്‍ ഉയര്‍ന്നപ്പോള്‍ അക്ഷോഭ്യനായാണ് അദ്ദേഹമിരുന്നത്. എത്ര സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലും സഭാരേഖകളില്‍നിന്ന് നീക്കേണ്ട ഒരു വാക്കും അദ്ദേഹം പറഞ്ഞിട്ടില്ല.

കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് പോലീസിന്റെ സമഗ്രപരിഷ്‌കരണത്തിനുള്ള നിയമം നിര്‍മിച്ചത്. ജയിലുകളിലെ അന്തരീക്ഷവും മാറ്റി. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോടിയേരി അതേക്കുറിച്ച് പറഞ്ഞതിങ്ങനെ: ''ജയിലുകളില്‍ ഗോതമ്പുണ്ട കൊടുത്തിരുന്ന സ്ഥാനത്ത് ഞങ്ങള്‍ ഒന്നാന്തരം പുട്ടു കൊണ്ടുവന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാരെല്ലാം ജയിലിലേക്കുള്ള ഘോഷയാത്രയിലാണ്. അത് മുന്‍കൂട്ടിക്കണ്ട് അവര്‍ക്കൊരു സൗകര്യമായിക്കോട്ടെയെന്ന് കരുതി നേരത്തേ ചെയ്തുവെച്ചതാണ്.''

Content Highlights: kodiyeri balakrishnan and his humour based defence style


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented