
കോടിയേരി ബാലകൃഷ്ണൻ, അടൂർ പ്രകാശ് എംപി| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വെഞ്ഞാറന്മൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസില്‍ പ്രതികളായി വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ രക്ഷപെടുത്താന്‍ വേണ്ടിയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലണ് കോടിയേരി സിബിഐ അന്വേഷണത്തെ തള്ളിക്കളയുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക ഗുണ്ടാസംഘം നടത്തിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളേയും ഗൂഡാലോചനയേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസിന് കഴിയുമെന്ന് കോടിയേരി പറഞ്ഞു. ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സിബിഐയേക്കാള്‍ മികവ് കേരളാ പോലീസിനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ബിജെപി- യുഡിഎഫ് ചങ്ങാത്തത്തിന്റെ വിയര്‍പ്പ് ഗന്ധം ഈ ആവശ്യത്തില്‍ പരക്കുന്നുണ്ടെന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.
വെഞ്ഞാറന്മൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കിയെന്ന് അടൂര്‍ പ്രകാശ് എംപി അറിയിച്ചിരുന്നു . യഥാര്‍ത്ഥ പ്രതികളെയും അതിന് നേതൃത്വം നല്കിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ക്രിമിനല്‍ പശ്ചാത്തലം കാരണം സര്‍വ്വീസില്‍ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടയാളും സിപിഎം നേതാക്കളുടെ വിശ്വസ്തനായ തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. റൂറല്‍ എസ്.പിയെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷണ സംഘത്തെ സ്വതന്ത്രമാക്കണം. എന്നാല്‍ മാത്രമേ യഥാര്‍ത്ഥ പ്രതികളെയും ഈ കൊലപാതകത്തിലെ ഗൂഢാലോചനയും പുറത്തു കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.
സിപിഎം നേതാക്കള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യവും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്ന് സത്യസന്ധമായ അന്വേക്ഷണം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് സിബിഐ അന്വേക്ഷണം ആവശ്യപ്പെടുന്നതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Kodiyeri Balakrishnan and Adoor Prakash on Venjaramoodu twin murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..