കൊടികുത്തിമലയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്കുവീണ് സുഹൃത്തുകളായ രണ്ടുയുവാക്കള്‍ മരിച്ചു


സമീപമുള്ള ചെറുറോഡിന്റെ മതിൽക്കെട്ടും കടന്ന് സ്‌കൂട്ടർ മറിഞ്ഞ നിലയിൽ ഇൻസൈറ്റിൽ മരിച്ച അക്ഷയ്‌യും ശ്രേയസും

പെരിന്തല്‍മണ്ണ: അമ്മിനിക്കാട് കൊടികുത്തിമല ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് വീണുമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളെ പരിക്കുകളോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ അംഗവും സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പെരിന്തല്‍മണ്ണ 'തണല്‍' വീട്ടില്‍ വി. രമേശന്റെ മകന്‍ അക്ഷയ് (19), പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ കാവുങ്ങല്‍ വീട്ടില്‍ പരേതനായ മണികണ്ഠന്റെ മകന്‍ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെരിന്തല്‍മണ്ണ വള്ളൂരാന്‍ വീട്ടില്‍ റഷീദിന്റെ മകന്‍ നിയാസ് (19) ആണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയില്‍ നടന്ന തൊഴില്‍മേളയില്‍ പങ്കെടുത്തശേഷം ഇവര്‍ കൊടികുത്തി മലയിലേക്ക് പോയതാണെന്നാണ് വിവരം.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. കൊടികുത്തിമലയുടെ ബേസ് സ്റ്റേഷനുതാഴെ ജനവാസമേഖല തുടങ്ങുന്നിടത്താണ് അപകടം. സ്‌കൂട്ടറില്‍ താഴേക്കിറങ്ങുമ്പോള്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് ഒന്നരമീറ്ററോളം താഴ്ചയുള്ള പറമ്പിലേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ തെറിച്ച സ്‌കൂട്ടര്‍ മുന്നോട്ടുനീങ്ങി ചെറുറോഡും കടന്ന് മറിഞ്ഞു. ഇറക്കമിറങ്ങി അവസാനിക്കുന്നിടത്ത് റോഡിന് വളവുമുണ്ട്. മുന്‍പും അപകടങ്ങളുണ്ടായിട്ടുള്ളതാണ് ഇവിടമെന്ന് നാട്ടുകാര്‍ പറഞ്ഞു.

അപകടം നടന്നയുടനെയെത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രികളിലെത്തിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അക്ഷയ് മരിച്ചു. മൗലാന ആശുപത്രിയിലെത്തിച്ചയുടന്‍ ശ്രേയസും മരിച്ചു. തൃശ്ശൂര്‍ സെയ്ന്റ് അലോഷ്യസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് അക്ഷയ്. അമ്മ: ബിന്ദു (അധ്യാപിക, പഞ്ചമ എല്‍.പി.സ്‌കൂള്‍,പെരിന്തല്‍മണ്ണ). സഹോദരന്‍: അഭയ് (വിദ്യാര്‍ഥി, ഡല്‍ഹി). മഅദിന്‍ അക്കാദമിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് കഴിഞ്ഞിരിക്കുകയാണ് ശ്രേയസ്.


യുവാക്കളുടെ മരണത്തിന്റെ ഞെട്ടലില്‍ പെരിന്തല്‍മണ്ണ


പെരിന്തല്‍മണ്ണ: ടൗണില്‍നിന്ന് അധികം ദൂരെയല്ലാത്ത രണ്ട് വീടുകളിലെ യുവാക്കളുടെ മരണത്തിന്റെ ഞെട്ടലിലാണ് പെരിന്തല്‍മണ്ണ. സുഹൃത്തുക്കളായിരുന്ന അക്ഷയും ശ്രേയസ്സും അപകടത്തില്‍ പരിക്കേറ്റ നിയാസും ഉള്‍പ്പെടെയാണ് ഞായറാഴ്ച കൊടികുത്തിമലയിലേക്ക് പോയത്.

തിരികെയുള്ള യാത്ര പൂര്‍ത്തിയാക്കാതെ രണ്ടുപേര്‍ മടങ്ങി. തൃശ്ശൂരില്‍ പഠിക്കുന്ന അക്ഷയ് അവധിയായതിനാലാണ് പെരിന്തല്‍മണ്ണയിലെത്തിയത്. എസ്.എഫ്.ഐ. മുന്‍ ഏരിയകമ്മിറ്റിയംഗമായിരുന്നു. ശ്രേയസ്സ് എസ്.എഫ്.ഐ. പെരിന്തല്‍മണ്ണ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്.

ശ്രേയസ്സിന്റെ പിതാവ് മണികണ്ഠന്‍ രണ്ടുവര്‍ഷം മുന്‍പാണ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചത്. ശ്രേയസ്സ് മേല്‍മുറി മഅ്ദിന്‍ അക്കാദമിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയിരുന്നു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.

ഇറക്കവും വളവും; അപകടം പതിവ്

പെരിന്തല്‍മണ്ണ: ഇറക്കവും വളവുകളും വശങ്ങളില്‍ താഴ്ചയുമുള്ള റോഡാണ് കൊടികുത്തിമലയിലേത്. മലയുടെ ബേസ് സ്റ്റേഷന്‍ വരെയാണ് വാഹനയാത്ര അനുവദിക്കാറുള്ളത്. തിരിച്ചിറങ്ങുമ്പോളാണ് കൂടുതലും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. പരിചയക്കുറവും അമിതവേഗതയും വാഹനത്തിന്റെ ക്ഷമതയുമെല്ലാം കാരണങ്ങളാണ്. യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം ബേസ്സ്റ്റേഷന് ഏറെ താഴെയാണ്. അധികം വീതിയില്ലാത്ത റോഡില്‍ ഇറക്കവുമാണ്. ഇറക്കമിറങ്ങിയെത്തുന്നത് ചെറിയൊരു വളവിലേക്കാണ്. ഈ വളവിന് താഴേക്കാണ് സ്‌കൂട്ടര്‍ വീണത്.

തുടര്‍ന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ ഉയര്‍ന്ന് പൊങ്ങി തൊട്ടടുത്ത ചെറുറോഡും കടന്ന് മറിയുകയായിരുന്നു. ആദ്യം ചാടിയ സ്ഥലത്ത് സ്‌കൂട്ടറിന്റെ ഭാഗങ്ങള്‍ വീണ് കിടക്കുന്നുണ്ട്. മുന്‍വശം തകര്‍ന്നിട്ടുണ്ട്. ഇവിടെ സുരക്ഷാവേലിയോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ല. അപകടമേഖലയായ കൊടികുത്തിമല റോഡില്‍ 2018 നവംബറിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. തേലക്കാട് സ്വദേശികളാണ് മരിച്ചത്.

ഞായറാഴ്ച അപകടമുണ്ടായ ഇടത്തും മുന്‍പും വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിനോദസഞ്ചാരകേന്ദ്രമായ കൊടികുത്തി മലയിലേക്കുള്ള റോഡുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


Content Highlights: kodikuthimala-accident-two death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented