തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. എസ്.സി./എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം

പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത് എന്ന് പറഞ്ഞതിന് പിറകേയാണ് ഇതിനെ സാധൂകരിക്കുന്നതിനായി ചില പരാമര്‍ശങ്ങള്‍ കൊടിക്കുന്നിലിന്റെ ഭാഗത്ത് നിന്നുണ്ടായത്. തുടര്‍ച്ചയായി അദ്ദേഹം പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തില്‍ പോലും അത് കണ്ടു. അതിനുശേഷമുളള ഉദ്യോഗസ്ഥ നിയമനത്തിലും പിഎസ് സി നിയമനത്തില്‍പോലും തുടര്‍ച്ചയായി പട്ടികജാതിക്കാരെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്. 

പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രിയായ കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ.സമ്പത്തിനെ നിയമിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം. ഇത്തരത്തില്‍ പട്ടികജാതിക്കാരെ പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനോട് അനുബന്ധമായാണ് മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നുവെന്നും സിപിഎമ്മില്‍ നിരവധി ചെറുപ്പക്കാരുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ നവോത്ഥാനം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

ഇതേകുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും കൊടുക്കുന്നില്‍ പ്രതികരിച്ചു. നവേത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഒരു ഭരണാധികാരിയെന്ന നിലയില്‍ നവോത്ഥാനം നടപ്പാക്കാന്‍, പറയുന്ന കാര്യത്തില്‍ ആത്മാര്‍ഥത ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം സ്വന്തം കുടുംബത്തില്‍ നടപ്പാക്കണമെന്നുളള ഒരു ചര്‍ച്ച കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നില്‍ വന്നു. താന്‍ അത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അതിനെ വേറൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

 

Content Highlights: Kodikunnil Suresh MP criticises CM Pinarayi Vijayan