കൊല്ലം: ചാത്തന്നൂരിലും കുഴല്‍പ്പണം ഒഴുക്കിയെന്ന ആരോപണവുമായി യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സ്ഥാനാര്‍ഥി ബി.ബി. ഗോപകുമാര്‍ കോടികളാണ് മണ്ഡലത്തില്‍ ചെലവാക്കിയത്. കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ധൂര്‍ത്താണ് നടന്നിട്ടുള്ളതെന്നും ഇതില്‍ അന്വേഷണം വേണമെന്നും യു.ഡി.എഫ്. പരവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായിരുന്നു ചാത്തന്നൂര്‍. ബി.ജെ.പി. ഓരോ എ ക്ലാസ് മണ്ഡലങ്ങളിലും അഞ്ച് കോടി രൂപ വരെ കൊടുത്തിട്ടുണ്ട്. ചാത്തന്നൂരിലെ ഒരു ബൂത്തില്‍ മാത്രം 90,000 രൂപയാണ് കൊടുത്തിട്ടുള്ളത്. ആധുനിക രീതിയില്‍ ശീതീകരിച്ച, 200-ലധികം പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലുള്ള ഓഫീസായിരുന്നു ക്രമീകരിച്ചിരുന്നത്. കൊടകരയ്ക്ക് സമാനമായ കുഴല്‍പ്പണ ഇടപാട് ചാത്തന്നൂരിലും നടന്നതായാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിരവധി തവണ വന്ന് പോയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതേ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. അന്ന് ചെലവാക്കിയ ഫണ്ട് മിച്ചം വന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇത്തവണ ഇത്രയധികം പണധൂര്‍ത്ത് നടന്നപ്പോള്‍ പണത്തെക്കുറിച്ച്‌ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൊടകര കുഴല്‍പ്പണ കേസ് കൂടി ഉണ്ടായതോടുകൂടി ഈ സംശയം ബലപ്പെടുകയായിരുന്നുവെന്നും ബിജു പാരിപ്പള്ളി പറഞ്ഞു. 

അതേസമയം ചാത്തന്നൂരിലെ പണധൂര്‍ത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് യു.ഡി.എഫ്. പരാതികൊടുത്തിട്ടുണ്ട്. 

Content Highlights: Kodakara black money case money flowed in Chathannur too UDF demands probe