തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ റെയ്ഡിന്റെ വിവരം ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. അന്വേഷണ സംഘത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് റെയ്ഡിന്റെ വിവരം പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയത്. 

കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ റെയ്ഡിന് പോയിരുന്നു. മൂന്ന് ദിവസം ഇവിടങ്ങളില്‍ തങ്ങി റെയ്ഡ് നടത്തുകയാണ് ചെയ്തത്. പക്ഷേ പണമോ സ്വര്‍ണമോ ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ട് പോലീസുകാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി പോലീസിന് വിവരം ലഭിച്ചത്. 

അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് റെയ്ഡുമായി ബന്ധപ്പെട്ട വിവരം ചോര്‍ത്തി നല്‍കി. ഈ ഉദ്യോഗസ്ഥര്‍ പ്രതികളുടെ സഹായികള്‍ക്ക് വിവരം കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 അന്വേഷണ സംഘത്തില്‍ നിന്ന് ഈ രണ്ട് ഉദ്യോഗസ്ഥരെ മാറ്റും. പിന്നാലെ ഇരുവര്‍ക്കും എതിരെ നടപടിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Kodakara black money case