പ്രതീകാത്മക ചിത്രം | Photo: AFP
തോപ്പുംപടി: കൊച്ചി പ്രദേശത്ത് കോട്ടൺ കളി വ്യാപകമാകുന്നു. മുമ്പ് കടകളിലും മാർക്കറ്റുകളിലും നടത്തിയിരുന്ന കളി ഇപ്പോൾ കവലകളിലും വഴികളിലുമൊക്കെ വ്യാപിക്കുകയാണ്. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളുരുത്തി, തോപ്പുംപടി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ മേഖലകളിലൊക്കെ കളി നടക്കുന്നുണ്ട്. ചീട്ട് ഉപയോഗിച്ചുള്ള ചൂതാട്ടമാണിത്.
നൂറിൽപ്പരം കേന്ദ്രങ്ങളിലാണ് കൊച്ചിയിൽ കോട്ടൺ കളി അരങ്ങേറുന്നത്. മിക്കയിടത്തും ചെറിയ കടകളിലാണ് കളി. എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കുന്നതിനാൽ ധാരാളം പേർ ഈ കളിയിലേക്ക് ആകർഷിക്കപ്പെടുകയാണ്. ഒരു രൂപ മുടക്കി കളിച്ചാൽ 70 രൂപ സമ്മാനമായി ലഭിക്കും. ഈ രീതിയിൽ അമ്പതും നൂറും ആയിരവും രൂപ കളിക്കായി മുടക്കുന്നവരുണ്ട്. ഞായറാഴ്ച പോലുള്ള അവധി ദിവസങ്ങളിൽ കളിക്കുന്ന ആളുകളുടെ എണ്ണം കൂടും.
വേഗം ഫലമറിയാം, ഉടൻ സമ്മാനം
കൊച്ചി കേന്ദ്രീകരിച്ച് പത്തോളം സംഘങ്ങൾ കോട്ടൺ കളി നടത്തിപ്പിന് നേതൃത്വം നൽകുന്നുണ്ട്. ദിവസവും കളി കേന്ദ്രങ്ങളിൽ ഇവരുടെ ഏജന്റുമാരെത്തും.
ചീട്ട് ഉപയോഗിച്ചാണ് നറുക്കെടുപ്പ്. കളി കേന്ദ്രത്തിൽ െവച്ചുതന്നെ നറുക്കെടുക്കും. ഉടനെ സമ്മാനവും നൽകും. രണ്ടക്ക നമ്പറുകളാണ് കളിയിൽ പങ്കെടുക്കുന്നവർ നൽകുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ കളിയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ആളുകൾ കടകളിലെത്തി, അവർക്കിഷ്ടമുള്ള നമ്പർ നൽകും. അതോടൊപ്പം കളിക്കാനുദ്ദേശിക്കുന്ന തുകയും നൽകും. വൈകീട്ടാണ് നറുക്കെടുപ്പ്. വേഗത്തിൽ ഫലമറിയാം, അപ്പോൾ തന്നെ സമ്മാനവും കിട്ടും. ഒരിക്കൽ സമ്മാനം ലഭിച്ചവർ, അടുത്ത ദിവസം കൂടുതൽ പണം നൽകി കളിക്കും. അങ്ങനെ കളിയുടെ ലഹരിയിലേക്ക് അവർ വീഴുന്നു.
കളിയിൽ മറിയുന്നത് ലക്ഷങ്ങൾ
പറയുമ്പോൾ നിസ്സാരമാണ്. അധികമാരും ശ്രദ്ധിക്കാതെ വിടുന്ന ഏർപ്പാട്. എന്നാൽ ഓരോ കളി കേന്ദ്രത്തിലും ദിവസവും ആയിരക്കണക്കിന് രൂപയുടെ ഇടപാടാണ് നടക്കുന്നത്. അവധി ദിവസങ്ങളിൽ അത് ലക്ഷങ്ങളായി മാറും. കൊച്ചിയിൽ പണ്ടുമുതൽ തന്നെ നടക്കുന്ന കളിയാണിത്. ഇടയ്ക്കിടെ പോലീസ് ഇടപെടും. അപ്പോൾ കുറച്ചു ദിവസം നിർത്തിവയ്ക്കും. ഒരു ഇടവേള കഴിഞ്ഞ് വീണ്ടുംവരും.
കോട്ടൺ കളിയെ വരുമാന മാർഗമായി സ്വീകരിച്ച ആളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. വേഗത്തിൽ ഫലമറിയാമെന്നതാണ് കോട്ടൺ കളിയുടെ ആകർഷണം. ചെറിയ കടകൾക്ക് ഇത് ഒരു വരുമാന മാർഗം കൂടിയാണ്. കളിയിൽ പങ്കെടുക്കുന്നവർ മുടക്കുന്ന പണത്തിന്റെ നിരക്കനുസരിച്ച് ഇവർക്ക് കമ്മിഷൻ കിട്ടും. 15 ശതമാനമാണ് ഇവരുടെ കമ്മിഷൻ.
കണ്ണടച്ച് അധികൃതർ
കോട്ടൺ കളി സർക്കാർ നിരോധിച്ചിട്ടുള്ളതാണ്. എങ്കിലും കളി നടത്തുന്നവരെ പിടികൂടിയാൽ വലിയ ശിക്ഷയൊന്നുമില്ല. കുറ്റക്കാർക്ക് ചെറിയ ഫൈൻ അടച്ച് പോകാം. അതുകൊണ്ട് പോലീസും വലിയ താത്പര്യം കാട്ടുന്നില്ല. പലയിടത്തും പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഈ കളിക്കു നേരേ കണ്ണടയ്ക്കുകയാണ്.
മുമ്പൊക്കെ രഹസ്യമായി നടന്നിരുന്ന കളി ഇപ്പോൾ പരസ്യമായിക്കഴിഞ്ഞു. നറുക്കെടുപ്പ് നടക്കുമ്പോൾ, ആള് കൂടുന്നുണ്ട്. പലയിടത്തും സ്ത്രീകളും കോട്ടൺ കളിയുടെ വലയിൽ വീഴുന്നു. ഒരിക്കൽ പരീക്ഷണത്തിനിറങ്ങുന്നവർ പിന്നീട് കോട്ടൺ കളിയിൽ കുടുങ്ങുകയാണ്. കോട്ടൺ കളിയുടെ വലയിൽ കുടുങ്ങുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്.
ലോട്ടറി എടുക്കാൻ മടി
കോട്ടൺ കളി വ്യാപകമായതോടെ, ലോട്ടറി വിൽപ്പനയിൽ വലിയ ഇടിവാണുണ്ടായതെന്ന് ലോട്ടറി വിൽപ്പനക്കാർ പറയുന്നു. ചെറിയ തുകയ്ക്ക് കളിക്കാമെന്നതിനാൽ ഭാഗ്യാന്വേഷികൾ കോട്ടൺ കളിയിലേക്ക് കൂടുമാറുകയാണത്രെ.
സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നവർ കോട്ടൺ കളിയിലേക്ക് മാറുന്നതിനാൽ ടിക്കറ്റ് ചെലവാകുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഇക്കാരണത്താൽ ലോട്ടറി വിൽപ്പന തത്കാലം നിർത്തിെവച്ച ചെറിയ കച്ചവടക്കാരുമുണ്ട്. സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോട്ടറിയെയാണ് ഇത് ബാധിക്കുന്നത്. മാത്രമല്ല, നികുതി നഷ്ടവുമുണ്ട്.
അനധികൃത കളികൾക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കൊച്ചിയിലെ ലോട്ടറി സംരക്ഷണ സമിതി സെക്രട്ടറി പി.എ. ഷാനവാസ് പറയുന്നു.
Content Highlights: kochi thoppumpady cotton game rummy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..