പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കുടിവെള്ളവിതരണ നവീകരണപദ്ധതി താത്പര്യമില്ലെങ്കില്‍ മടക്കിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വായ്പയുപയോഗിച്ച് സ്വകാര്യ കമ്പനികളിലൂടെയാണ് പദ്ധതി നടപ്പാക്കേണ്ടത്.
2017-ല്‍ ധാരണയായെങ്കിലും ഇതുവരെ പ്രാഥമികനടപടികളിലേക്കുപോലും കടന്നിട്ടില്ല. ആദ്യഘട്ടത്തിന്റെ ടെന്‍ഡര്‍നടപടികള്‍ മാര്‍ച്ചിനുമുമ്പ് പൂര്‍ത്തിയാക്കണം. പദ്ധതിയുടെ 30 ശതമാനമെങ്കിലുമായില്ലെങ്കില്‍ എ.ഡി.ബി. വായ്പ നഷ്ടപ്പെടും. കേരളത്തോടൊപ്പം തുടങ്ങിയ കോയമ്പത്തൂര്‍ അടക്കമുള്ള പല ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും പദ്ധതി പൂര്‍ത്തിയായി. മഹാരാഷ്ട്ര ഉള്‍പ്പെടെ കൂടുതല്‍ നഗരങ്ങള്‍ പദ്ധതി ആവശ്യപ്പെട്ടിട്ടുമുണ്ട്. തുടര്‍ന്നാണ് താത്പര്യമില്ലെങ്കില്‍ പദ്ധതിമടക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.
ഇതിനെത്തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജലഅതോറിറ്റിയോട് നിര്‍ദേശിച്ചു. 2018-ല്‍ പദ്ധതിക്ക് കേന്ദ്രാനുമതിയും 2020-ല്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭരണാനുമതിയും ലഭിച്ചിരുന്നു. ഒരുവര്‍ഷംമുമ്പ് കണ്‍സല്‍ട്ടന്‍സികള്‍ക്കായി കരാറും വിളിച്ചു. ഇതില്‍ പങ്കെടുത്ത എട്ടുകമ്പനികളെ പട്ടികയില്‍ ഉള്‍പ്പെടുത്തി പദ്ധതിരേഖ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. മാത്രമല്ല, കൊച്ചിയില്‍ കമ്പനികളില്‍നിന്ന് പദ്ധതിനടത്തിപ്പിനുള്ള കരാര്‍ ക്ഷണിക്കാനും തീരുമാനിച്ചു.
പൂര്‍ണചുമതലസ്വകാര്യ കമ്പനിക്ക്
രണ്ടുനഗരങ്ങളിലെയും കുടിവെള്ളവിതരണത്തിന്റെ പൂര്‍ണ ചുമതല കരാര്‍പ്രകാരം സ്വകാര്യകമ്പനിക്ക് ലഭിക്കും. ഇതിനൊപ്പം വെള്ളക്കരം പിരിക്കലും നിരക്കുവര്‍ധന അടക്കമുള്ളവയുടെ അധികാരവും കമ്പനിക്ക് ലഭിച്ചേക്കാം. ഇത്തരം ശുപാര്‍ശകള്‍ എ.ഡി.ബി.യുമായുള്ള കരാറിലുണ്ട്. എന്നാല്‍, കമ്പനികളുമായി ചര്‍ച്ചനടത്തിയാണ് തീരുമാനമെടുക്കുന്നതെന്നും ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ജോലിസംബന്ധിച്ച ജീവനക്കാരുടെ ആശങ്കകളുടെ പശ്ചാത്തലത്തില്‍ യൂണിയന്‍നേതാക്കളെ ജലഅതോറിറ്റി എം.ഡി. ബുധനാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
2510 കോടിയുടെ പദ്ധതി
ഇതില്‍ 1757 കോടി രൂപ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് വായ്പയാണ്. രണ്ടുശതമാനമാണ് പലിശ. 753 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വിഹിതം. നാലുഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടം എറണാകുളത്തെയും രണ്ടാംഘട്ടം തിരുവനന്തപുരത്തെയും കുടിവെള്ളവിതരണശൃംഖല മെച്ചപ്പെടുത്തലാണ്. മൂന്നും നാലും ഘട്ടങ്ങളിലായി ആലുവയിലെയും അരുവിക്കരയിലെയും കുടിവെള്ള ശുദ്ധീകരണശാലകള്‍ നവീകരിക്കും. പത്തുവര്‍ഷത്തേക്ക് സ്വകാര്യകമ്പനിക്കായിരിക്കും ഇതിന്റെയെല്ലാം ചുമതല.
Content Highlights: Kochi Thiruvananthapuram cities water supply private company ADB loan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..